Deshabhimani

രോഗി അവിടെ കിടക്കട്ടെ, സ്വകാര്യലോബി വരട്ടെ ; ആതുരകേരളം രോഗശയ്യയിലായ ആറു മാസം

health
വെബ് ഡെസ്ക്

Published on Nov 18, 2026, 03:16 PM | 2 min read

തിരുവനന്തപുരം : മരുന്നില്ലാത്ത സർക്കാർ ആശുപത്രികൾ, കട്ടിലിൽ നിന്ന് വീണ് രോ​ഗി മരിച്ച സംഭവം, ശസ്ത്രക്രിയക്കിടെ കണ്ണിൽ ലെൻസ് തുളച്ചു കയറിയത് തുടങ്ങി തുടർക്കഥയായ ചികിത്സാപ്പിഴവുകൾ. ആരോ​ഗ്യമേഖലയെ വെന്റിലേറ്ററിലേക്ക് മാറ്റിയ, ജനങ്ങളിൽ ഭീതി നിറച്ച് പൊതുജനാരോ​ഗ്യം തകർന്ന് തരിപ്പണമായ ആറ് മാസമാണ് കടന്നുപോയത്. ഒരു കാലത്ത് ലോകത്തിന് തന്നെ മാതൃകയായിരുന്ന കേരളത്തിലെ ആരോഗ്യരം​ഗം, ഇന്ന് പുറത്തുപറഞ്ഞാൽ നാണക്കേടാകുന്ന തരത്തിലേക്ക് മാറി.

പകർച്ചവ്യാധിയിൽ തന്നെ കാലിടറി


ജൂണിലാണ് ഈ വർഷം ആദ്യം കേരളത്തിലെ ഷി​ഗെല്ല കേസ് റിപ്പോർട്ട് ചെയ്തത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ കൃത്യമായ സജ്ജീകരണങ്ങളൊരുക്കുന്നതിന് പകരം മഴയെ പഴിചാരി രക്ഷപ്പെടാനാണ് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ ശ്രമിച്ചത്. മഴക്കാല പൂർവ ശുചീകരണം മുടങ്ങിയതാണ് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. വേണ്ടത്ര ഏകീകരണമൊരുക്കാതെ അവ​ഗണിച്ചതിന്റെ പ്രത്യാഘാതമാണ് ഷി​ഗെല്ല കേസുകൾ കേരളത്തിൽ കുതിച്ചുയർന്നത്.


ചികിത്സാപിഴവുകളുടെ ശവപ്പറമ്പ്


കഴിഞ്ഞ ആറ് മാസങ്ങൾക്കിടയിൽ കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തുവന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യന്റെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സർക്കാരിന്റെയും ആരോ​ഗ്യമന്ത്രിയുടേയും ഉദാസീനതയിലേക്കാണ് ഓരോ വീഴ്ചകളും വിരൽചൂണ്ടുന്നത്. ശസ്ത്രക്രിയകളിലെ അനാസ്ഥ മൂലം നിരവധി പേർക്കാണ് അം​ഗവൈകല്യങ്ങൾ സംഭവിച്ചത്. ചികിത്സാപിഴവ് മൂലം രോ​ഗി മരണപ്പെടുന്ന അവസ്ഥയിലേക്ക് വരെയെത്തിയിട്ടും സർക്കാർ മൗനം പാലിച്ചു.


മരുന്ന് ക്ഷാമവും ഉപകരണങ്ങളുടെ അനാസ്ഥയും


ജീവൻരക്ഷാ മരുന്നുകൾ പോലും ലഭിക്കാതെ കേരളത്തിലെ ജനങ്ങൾ വലഞ്ഞ ആറ് മാസങ്ങൾ. സർക്കാർ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോ​ഗികൾക്ക് ചികിത്സയും മരുന്നും കിട്ടാക്കനിയായി. ഭീമമായ തുക നൽകി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിൽ ജനങ്ങളെ കൊണ്ടെത്തിച്ചു. മെഡിക്കൽ കോളേജുകളിലടക്കം മരുന്നുകൾ ലഭിക്കാതെ രോ​ഗികൾ നെട്ടോട്ടമോടി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുത്തു. കേരളത്തിലെ പൊതുആരോഗ്യ സംവിധാനത്തെ തകർത്ത്, ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.


എസ്എംഎ


സ്വകാര്യകമ്പനികൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി പിഞ്ചുകുഞ്ഞുങ്ങളെ പോലും പരീക്ഷണവസ്തുവാക്കാൻ യുഡിഎഫ് സർക്കാർ മടിച്ചില്ല. സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഡോക്ടർമാർക്ക്‌ കമ്പനികൾ നൽകിയ സാമ്പിൾ രോഗികൾക്ക്‌ നൽകിയത്‌ ഗുരുതര വീഴ്‌ചയാണെന്ന് അറിയാമായിരുന്നിട്ടും ന്യായീകരിക്കുകയാണ് ആരോ​ഗ്യമന്ത്രി ചെയ്തത്.


നിപയുടെ പേരിൽ വ്യാജപ്രചാരണം


നിപ രോഗബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് നുണ പറഞ്ഞ് രോ​ഗികളിൽ ഭീതി ജനിപ്പിച്ചു. ആരോ​ഗ്യമന്ത്രിയെന്ന സ്ഥാനത്തിരിക്കുന്നൊരാൾ കേരളത്തിലെ രോ​ഗികളോട് കാണിച്ച ഏറ്റവും വലിയ ക്രൂരതകളിലൊന്നാണിത്. ഒടുവിൽ നിപ വിദ​ഗ്ധർ തന്നെ രം​ഗത്തെത്തി ആരോ​ഗ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുകയായിരുന്നു. തീർത്തും നിരുത്തരവാദപരമായി തനിക്ക് കിട്ടിയ റിപ്പോർട്ടിലെ പിഴവെന്ന് പറഞ്ഞ് മന്ത്രി തടിതപ്പി.


അട്ടപ്പാടിയിലെ ശിശുമരണം


കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പോഷകാഹാരക്കുറവ് മൂലം ഒരു ശിശുമരണം പോലും റിപ്പോർട്ട് ചെയ്യാത്ത കാലത്ത് നിന്നും ശിശുമരണ നിരക്ക് കുതിച്ചുയരുന്ന അവസ്ഥയിലേക്ക് കേരളമെത്തി. പ്രശ്നം അതിരൂക്ഷമായിട്ടും പ്രതിരോധ പ്രവർത്തനത്തിനായി വേണ്ടത്ര ജീവനക്കാരെ നിയമിക്കാനോ അട്ടപ്പാടിയിലേക്ക് തിരിഞ്ഞുനോക്കാനോ സർക്കാർ തയ്യാറായില്ല. അട്ടപ്പാടിയിലെത്തിയ ആരോഗ്യമന്ത്രി കെ മുരളീധരൻ ശിശുമരണം സംഭവിച്ച ഉന്നതികൾ പോലും സന്ദർശിച്ചില്ല.


പൂച്ചകളും എലികളും വിരഹിക്കുന്ന വാർഡുകൾ


ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മാതൃകാ ജില്ലാ ആശുപത്രി ​വാർഡിൽ പോലും കയറാൻ കഴിയാത്ത അവസ്ഥ. പേരൂർക്കട ജില്ലാ ആശുപത്രിയിലെ സ്‌ത്രീകളുടെ വാർഡിലെ കിടക്കകളിൽ പൂച്ചകളും എലികളും വിരഹിക്കുന്ന വീഡിയോ പുറത്തുവന്നതാണ് ആരോഗ്യമേഖലയിലെ ദയനീയാവസ്ഥ തുറന്നുകാട്ടുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണം.


ഒടുവിൽ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യരംഗത്തെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനെതിരെ വിമർശനം ശക്തമായപ്പോൾ ആരോ​ഗ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നു. തനിക്കും കല്ലേറ് കിട്ടിയെന്ന് പറഞ്ഞ് പ്രശ്നങ്ങളെ ലഘൂകരിച്ച് കാണിക്കാനാണ് മന്ത്രി അപ്പോഴും ശ്രമിച്ചത്.


സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുപിടിക്കാൻ കഴിഞ്ഞ സർക്കാരിന്റെ തലയിൽ കുറ്റങ്ങൾ കെട്ടിവെക്കാൻ നോക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും അതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ. ആരോഗ്യമേഖലയെ ആറ് മാസം കൊണ്ട് ഈ പരുവത്തിലാക്കിയയത് യുഡിഎഫ് സർക്കാർ മാത്രമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home