'എന്റെ മണിക്കുട്ടി തന്നെ വേണ്ടിവന്നു പുലിയെ പിടിക്കാൻ'; പത്തനാപുരത്തെ വിറപ്പിച്ച 'പുലിയെ പിടിച്ചത്' ശാന്തമ്മയുടെ മണിക്കുട്ടി

മണിക്കുട്ടിയെന്ന ആട്ടിൻകുട്ടിയുമായി ശാന്ത
കൊല്ലം : എന്റെ മണിക്കുട്ടിതന്നെ വേണ്ടിവന്നു പുലിയെ പിടിക്കാൻ. ജീവനെപ്പോലെ സ്‌നേഹിക്കുന്ന മണിക്കുട്ടിയെന്ന ആട്ടിൻകുട്ടിയെ ചേർത്തുപിടിച്ച് ശാന്ത ഇത് പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു. കൊല്ലം പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ചുകൊന്ന് നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ കൂട്ടിലാക്കിയത് പത്തനാപുരം സ്വദേശിനി ശാന്തയുടെ മണിക്കുട്ടി എന്ന ആടാണ്. പിറവന്തൂർ അലിമുക്ക് പൈനാമന്നൂരിൽ വാലുതുണ്ടിൽ ശാന്തയുടെ വീടിനുപിന്നിൽ സ്ഥാപിച്ച കൂട്ടിലാണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. ശാന്ത വളർത്തിയിരുന്ന രണ്ട് ആടുകളെയാണ് ഒരാഴ്ച മുമ്പ് പുലി പിടിച്ചത്. തുടർന്നാണ് ഇവിടെ കൂട് സ്ഥാപിച്ചത്.
മണിക്കുട്ടി എന്ന് ഓമനപ്പേരിട്ട ആടിന്റെ അമ്മയെയും സഹോദരിയെയുമാണ് പുലി പിടിച്ചത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കെണിയായി മണിക്കുട്ടിയെയാണ് കെട്ടിയത്. ഏറെ വിഷമത്തോടെയും ഭയത്തോടെയുമാണ് മണിക്കുട്ടിയെ പുലിക്കൂട്ടിൽ കെട്ടിയത് എന്ന് ശാന്ത പറഞ്ഞു. സാധാരണ പട്ടികളെയാണ് കൂട്ടിൽ കെട്ടാറ്. എന്നാൽ, വീണ്ടും ആടിനെ തിരക്കി പുലിവരാൻ സാധ്യതയുള്ളതിനാൽ മണിക്കുട്ടിയെ കെട്ടുകയായിരുന്നു. പുലിയെ പിടികൂടിയതിൽ ഏറെ സന്തോഷത്തിലാണ് ശാന്ത. എന്നാൽ, ഇനിയും പുലി ശല്യമുണ്ടാകുമോ എന്ന ആശങ്കയും ഈ അമ്മയ്‌ക്കുണ്ട്.
കൂട്ടിലകപ്പെട്ട പുലി
മൂന്ന് വയസ്സുള്ള ആൺപുലിയാണ് ഇന്നലെ കൂട്ടിൽ അകപ്പെട്ടത്. എന്നാൽ പിറവന്തൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഭീതിയൊഴിഞ്ഞിട്ടില്ല. ഒരു വർഷത്തിനിടെ മൂന്നുപുലികളെയാണ് പിറവന്തൂർ പഞ്ചായത്തിലെ വിവിധ മേഖലയിൽനിന്ന് വനം വകുപ്പ് പിടിച്ചത്. കറവൂരിലും അലിമുക്കിലും വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. എന്നാൽ, ചാങ്ങപ്പാറയിൽ വീടിന്റെ കിണറ്റിൽനിന്നാണ് പുലിയെ പിടികൂടിയത്. ജനവാസ മേഖലകളിലടക്കം പുലിയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. തുടർച്ചയായി പുലികളെ കണ്ടെത്തുന്നത് പ്രദേശത്ത് വന്യജീവി ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണെന്ന് നാട്ടുകാർ പറയുന്നു.
രാത്രിയായാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ ജനങ്ങൾ ഭയപ്പെടുന്ന സ്ഥിതിയാണ്. വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പുലികളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തുകയും ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത് തടയുന്നതിനുള്ള ശാശ്വത നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.










0 comments