തൃശൂർ പാലപ്പിള്ളിയിൽ പുലിയിറങ്ങി; പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു

പ്രതീകാത്മകചിത്രം
തൃശൂർ : തൃശൂർ പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. പഞ്ചായത്ത് അംഗം ഷീല ശിവരാമന്റെ നാലു മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ പശുക്കുട്ടിയുടെ കഴുത്തിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവരുടെ പാഡിക്ക് പിറകിലെ തൊഴുത്തിലാണ് പുലിയിറങ്ങിയത്.
പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പുലി സമീപത്തെ തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. വനപാലകർ എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പശുക്കുട്ടിയുടെ കഴുത്തിലെ മുറിവുകൾ പരിശോധിച്ചതിൽ പുലിയാണ് ആക്രമിച്ചതെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരി 25 നും ഇതേ പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നു. ശേഷം തൊഴുത്തിൽ കാമറ സ്ഥാപിച്ചിരുന്നെങ്കിലും ബാറ്ററി ചാർജ് തീർന്നതിനാൽ അധികൃതർ അത് കൊണ്ടുപോയി. മൂന്നാം തവണയാണ് ഇവരുടെ തൊഴുത്തിൽ പുലിയിറങ്ങുന്നത്. കഴിഞ്ഞ വർഷം പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.
പുലിയെ നിരീക്ഷിക്കാൻ വനം വകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. തൊഴുത്തിനോട് ചേർന്നാണ് കാമറ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിദ്ധ്യം മനസിലാക്കിയ ശേഷം തുടർനടപടികൾ എടുക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.










0 comments