print edition ധനാഭ്യർഥനകൾ സഭ പാസാക്കി; കിഫ്‌ബി പദ്ധതികളുടെ ഭാവിയെന്ത്

തിരുവനന്തപുരം: ലൈഫ്, കിഫ്‌ബി പദ്ധതികളുടെ ഭാവി എന്താണെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ സി മൊയ്‌തീൻ ആവശ്യപ്പെട്ടു. സാമ്പത്തിക അനുമതി ലഭിച്ച പദ്ധതികൾ നിരവധിയുണ്ട്. ആ പദ്ധതികളെ തകർക്കരുതെന്നും ധനാഭ്യർഥന ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
റീബിൽഡ് കേരള പദ്ധതിയിലെ പ്രവൃത്തി നടക്കുന്നുണ്ട്. നവകേരള സദസ്സിനെ അന്ന് പ്രതിപക്ഷം എതിർത്തെങ്കിലും പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലത്തിലടക്കം ഏഴു കോടി രൂപയുടെ പദ്ധതി അനുവദിച്ചു. ഇതിന്റെയൊക്കെ ഭാവി എന്താകുമെന്നും സർക്കാർ പറയണം. സിനിമാക്കഥകളും ഉപമയും മാത്രമല്ല, നാടിന്റെ വികസന പ്രശ്‌നംകൂടി സഭയിൽ പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് എഴുന്നേറ്റ് നിൽക്കുമ്പോൾ ഒരു നിലപാടും ഇരിക്കുമ്പോൾ മറ്റൊന്നുമാണെന്ന് വി കെ സനോജ് പറഞ്ഞു. കുട്ടനാട് എംഎൽഎയോട് എങ്ങനെയാണ് പെരുമാറിയത് എന്ന് ജനം കണ്ടു. 25,000 കോടി രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന് പറഞ്ഞവർ ബജറ്റിൽ ഇതേക്കുറിച്ച് മിണ്ടുന്നില്ല.
പല പദ്ധതികൾക്കും തറക്കല്ലിടാൻ മാത്രമുള്ള തുകയേ വകയിരുത്തിയിട്ടുള്ളൂ. വയനാട്ടിൽ കുറച്ചുപേർ കോൺഗ്രസ് പറഞ്ഞ 300 വീടും കാത്ത് കലണ്ടറുമായി നിൽക്കുന്നുണ്ട്. സമുദായത്തിനുള്ള നഷ്ടം നികത്താനാണോ പിഎം ശ്രീയിൽ ഒപ്പിട്ടതും മദ്യം ഒഴുക്കുന്നതും മോദിയുടെ ചിത്രം വീടുകളിൽ പതിക്കുന്നതുമെന്നും സനോജ് ചോദിച്ചു.
ഭരണത്തിലേറി ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ സർക്കാർ സംഘപരിവാറിന് കീഴടങ്ങിയെന്ന് കെ കെ രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് പൊതുമേഖല നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ഒ എസ് അംബിക പറഞ്ഞു. 3000 രൂപ ക്ഷേമപെൻഷൻ വാഗ്‌ദാനം ചെയ്‌തവർ ബജറ്റിൽ അതേക്കുറിച്ച് പരാമർശിച്ചിട്ടേയില്ലെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന്റെയും മന്ത്രിമാരുടെയും മറുപടിക്കുശേഷം ധനാഭ്യർഥന നിയമസഭ പാസാക്കി.










0 comments