ad
Deshabhimani

ഇനി ഓർമകൾ കഥപറയും; പ്രിയപ്പെട്ട ശ്രീനിക്ക് വിട നൽകി കേരളം

sreenivasan
വെബ് ഡെസ്ക്

Published on Dec 21, 2025, 11:51 AM | 1 min read

കൊച്ചി : എക്കാലവും ഓർമിക്കാൻ ഒരായിരം നിമിഷങ്ങൾ ബാക്കിയാക്കി മലയാളത്തിന്റെ ശ്രീനി മടങ്ങി. ഇന്ന് രാവിലെ 11.30 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെ ശ്രീനിവാസന് ആദരവോടെ നാട് വിടചൊല്ലി. ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോ​ഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.


sreenivasan


പ്രിയനടന്റെ മരണവിവരമറിഞ്ഞതോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്‌ ജനം ഒഴുകി. പകൽ 11 ഓടെ മൃതദേഹം കണ്ടനാട്‌– വട്ടുക്കുന്ന്‌ റോഡിലുള്ള ‘പാലാഴി’ വീട്ടിലേക്ക്‌ എത്തിച്ചപ്പോൾ ജനക്കൂട്ടം വഴിയിൽ കാത്തുനിന്നു. 12 ഓടെ പൊതുദർശനത്തിനായി എറണാകുളം ട‍ൗൺഹാളിലേക്ക്‌ എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക്‌ കാരണം 3.45 വരെ നീണ്ടു. തുടർന്ന്‌ കണ്ടനാട്ടെ വീട്ടിലേക്ക്‌ കൊണ്ടുപോയി. മകനും നടനുമായ വിനീത്‌ ശ്രീനിവാസൻ ചെന്നൈയിലേക്ക്‌ പോകാൻ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. മരണവാർത്തയറിഞ്ഞതോടെ തിരികെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്‌ എത്തി. കോഴിക്കോട്‌ ഷൂട്ടിങ്ങിലായിരുന്ന മകൻ ധ്യാനും മടങ്ങിയെത്തി.


sreenivasan


സിനിമ - സാംസ്കാരിക- രാഷ്ട്രീയ ലോകവും സമൂഹം തന്നെയും കണ്ടനാട്ടേയ്ക്ക് ഒഴുകിയെത്തുന്ന ദൃശ്യങ്ങളാണ് പിന്നീട് കേരളം കണ്ടത്. നടൻ മമ്മൂട്ടി വീട്ടിലും പിന്നീട്‌ ട‍ൗൺഹാളിലുമെത്തി. മോഹൻലാൽ ഉച്ചകഴിഞ്ഞ്‌ ട‍ൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മന്ത്രിമാരായ പി രാജീവ്‌, സജി ചെറിയാൻ, ഹൈബി ഇ‍ൗഡൻ എംപി, എംഎൽഎ ടി ജെ വിനോദ്‌ തുടങ്ങി നിരവധിയാളുകളാണ് ശ്രീനിവാസന് ആദരമർപ്പിക്കാനെത്തിയത്. ഇന്ന് രാവിലെയും കണ്ടനാട്ടെ വീട്ടിൽ തിരക്ക് ഒഴിഞ്ഞിരുന്നില്ല. അണമുറിയാതെ സമൂഹത്തിന്റെ പരിഛേദം തന്നെ കണ്ടനാട്ട് പ്രതിഫലിക്കുകയായിരുന്നു.


48 വർഷം സിനിമകളിലൂടെയും ജീവിതത്തിലൂടെയും നിരവധി ആശയങ്ങൾ പങ്കുവച്ചണ് ശ്രീനിവാസൻ യാത്രയാകുന്നത്. ഇനിയുമേറെ ചിന്തിക്കാനും അതിലേറ ആസ്വദിക്കാനും നാലര പതിറ്റാണ്ട് നീണ്ട ചലച്ചിത്ര സപര്യയിൽ സമൂഹത്തിൽ ശ്രീനിവാസൻ കൊത്തിവച്ച വരികൾ കാലതിവർത്തിയായി തുടരുന്നു. സ്ക്രീനിലെത്തുന്ന കഥാപാത്രത്തെ കാണുമ്പോൾ പ്രേക്ഷകന്‌ അത്‌ നമ്മൾ തന്നെയല്ലേ എന്ന്‌ തോന്നിപ്പിക്കുന്ന ഒരു രസതന്ത്രമായിരുന്നു ശ്രീനിവാസൻ. ആ ഓർമകൾ ബാക്കിയാകുകയാണ്. പ്രിയപ്പെട്ട ശ്രീനി, വിട...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home