print edition 12,000 രൂപ വീതം നൽകണമെന്ന്; ദുരന്തബാധിതരിൽനിന്ന് നിർബന്ധിത പണപ്പിരിവുമായി ലീഗ്

കെ എ അനിൽകുമാർ
Published on Apr 23, 2026, 12:01 AM | 1 min read
കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരിൽനിന്ന് നിർബന്ധിത പണപ്പിരിവുമായി മുസ്ലിംലീഗ്. പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ടവർ ഉടൻ 12,000 രൂപവീതം നൽകണമെന്നാണ് നേതാക്കളുടെ അന്ത്യശാസനം. ലീഗ് നൽകിയ വീട്ടിലെ ഗൃഹപ്രവേശ ചടങ്ങിന് എന്ന പേരിലാണ് പണംപിരിക്കൽ. ‘വീട് കൂടൽ’ എന്ന പേരിൽ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയാണ് പണം പിരിക്കുന്നത്.
മുസ്ലിംലീഗ് പണപ്പിരിവ് നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പ്
മുസ്ലിംലീഗ് മുണ്ടക്കൈ ശാഖാ പ്രസിഡന്റും മേപ്പാടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ മൻസൂർ, ജംഷീർ എന്നിവരാണ് ഗ്രൂപ്പിന്റെ അഡ്‌മിൻമാർ. ഇവർക്കാണ് പണം നൽകേണ്ടത്. വീട് നൽകിയ 50 പേരെയും ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്. പണം നൽകിയവരുടെ പേരുകൾ ഗ്രൂപ്പിൽ പരസ്യപ്പെടുത്തി നൽകാത്തവരെ സമ്മർദത്തിലാക്കുന്നു. നേതാക്കൾ ഫോൺ വിളിച്ചും പണം ആവശ്യപ്പെട്ടതായി ദുരന്തബാധിതർ പറഞ്ഞു.
ദുരന്തബാധിതർക്കായി തൃക്കൈപ്പറ്റയിൽ 51 വീടാണ് ലീഗ് നിർമിച്ചത്. വീട് ‘കൈമാറി’ ഒരു മാസം പിന്നിട്ടെങ്കിലും താമസയോഗ്യമാക്കിയിട്ടില്ല. 27നാണ് ഗൃഹപ്രവേശ ചടങ്ങ്. വീട് ലഭിച്ചവരുടെ 20 ബന്ധുക്കൾക്ക് ചടങ്ങിൽ പങ്കെടുക്കാം. ഇവർക്ക് ഭക്ഷണം നൽകാനാണ് പണമെന്നാണ് വിശദീകരണം. എന്നാൽ, 20 പേർക്ക് ഭക്ഷണം നൽകാൻ 12,000 രൂപ വീതം പിരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ല. സർക്കാരിൽനിന്ന് 15 ലക്ഷം രൂപ വീതം വാങ്ങി ടൗൺഷിപ്പ് പദ്ധതിയിൽനിന്ന് ഒഴിവായതിനാൽ ഇവർക്ക് വാടക ലഭിക്കുന്നില്ല.










0 comments