ad
Deshabhimani

ചന്ദ്രികയുടെ അക്ക‍ൗണ്ടിലെത്തിയ 10 കോടി, 
 കെ എം ഷാജിയുടെ അനധികൃത സ്വത്ത്‌ 
 സന്പാദനം എന്നിവയിലെ അന്വേഷണം നിലച്ചു

print edition ലീഗ്‌–ആർഎസ്‌എസ്‌ ഡീൽ ; ഇഡി കേസുകൾ 
ആവിയായി 


league rss deal ed cases vanished
avatar
പി വി ജീജോ

Published on Dec 06, 2025, 02:45 AM | 1 min read


കോഴിക്കോട്‌

മുസ്ലിംലീഗ്‌ നേതാക്കൾക്കും മുഖപത്രമായ ചന്ദ്രികയ്ക്കുമെതിരായ ഇഡി അന്വേഷണം നിലച്ചതിനുപിന്നിൽ ആർഎസ്‌എസ്‌–മുസ്ലിംലീഗ്‌ ധാരണയെന്ന്‌ ആരോപണം. പത്തുകോടിയുടെ കള്ളപ്പണം ചന്ദ്രികയുടെ അക്ക‍ൗണ്ടിൽ നിക്ഷേപിച്ചതടക്കമുള്ള കേസാണ്‌ ആവിയായത്‌.


​നോട്ടുനിരോധന സമയത്ത് (2016ൽ) ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചിയിലെ അക്കൗണ്ടില്‍ 10 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്നായിരുന്നു പരാതി. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണിതെന്ന പരാതിയിലായിരുന്നു ഇഡി അന്വേഷണം. പത്രത്തിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടും അന്വേഷിച്ചു.


ഡയറക്ടര്‍ ബോര്‍ഡ് ചെയർമാൻ എന്ന നിലയിൽ ചോദ്യംചെയ്‌തത് പാണക്കാട് ഹൈദരലി തങ്ങളെ മാനസികമായി തളർത്തിയെന്ന്‌ മകൻ മുഇൻ അലി തങ്ങൾ വെളിപ്പെടുത്തിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, എം കെ മുനീർ എന്നിവരെയും മണിക്കൂറുകൾ ചോദ്യംചെയ്തു. തുടർന്നാണ്‌ ലീഗ്‌ നേതാക്കൾ ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട്‌ ഡീൽ ഉറപ്പിച്ചതെന്നാണ്‌ ആരോപണം. ഇതോടെ അന്വേഷണത്തിൽനിന്ന് ഇഡി പിന്മാറി. അനധികൃത സ്വത്തുസന്പാദനവുമായി ബന്ധപ്പെട്ട്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരായ കേസ്‌ പാതിവഴിയിൽ നിലച്ചതും ഇതേ പാക്കേജിലാണ്‌.


കേന്ദ്രസർക്കാരിനെയും ആർഎസ്‌എസിനെയും വിമർശിക്കുന്നതിൽനിന്നുള്ള ലീഗിന്റെ ഒളിച്ചോട്ടം ഉപകാരസ്‌മരണയാണെന്ന്‌ ആക്ഷേപമുണ്ട്‌. കേന്ദ്രസർക്കാരിനെ തുറന്നെതിർക്കേണ്ട ഘട്ടങ്ങളിൽ ലീഗ്‌ എംപിമാർ പാർലമെന്റിൽ എത്താതെ വിട്ടുനിന്നു. ഗൾഫ്‌ രാജ്യങ്ങളിലെ ലീഗിന്റെ പോഷകസംഘടന കെഎംസിസിയുടെ സാന്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്ന ഭീഷണി വന്നതോടെ ലീഗ്‌ പൂർണമായി ‘വിനീതവിധേയരായി’. വിദ്യാഭ്യാസമേഖലയെ സന്പൂർണമായി കാവിവൽക്കരിക്കുന്ന ഗവർണറുടെ ചെയ്‌തിയിലെ മ‍ൗനവും രാഷ്‌ട്രീയ അന്തർധാരയുടെ സൂചനയാണ്‌. കലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണറുടെ ദയാവായ്‌പിൽ സിൻഡിക്കറ്റ്‌ അംഗത്വം സ്വീകരിച്ച്‌ ആർഎസ്‌എസ്‌ നയങ്ങളുടെ നടത്തിപ്പുകാരായി ലീഗ്‌ മാറിയതിനുപിന്നിലും ‘ഇഡി പേടി’യാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home