ad
Deshabhimani

ദേശാഭിമാനി മുഖപ്രസംഗം വളച്ചൊടിച്ച്‌ 
നുണക്കഥയുമായി ജമാഅത്തെ–ലീഗ്‌–കോൺഗ്രസ്‌ സംഘം

print edition ജമാഅത്തെയെ വെളുപ്പിക്കാൻ 
വ്യാജ പ്രചാരണം

MUSLIM LEAGUE
avatar
പി വി ജീജോ

Published on Dec 09, 2025, 03:43 AM | 2 min read


കോഴിക്കോട്

മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം ദേശാഭിമാനിയെ മറയാക്കി ന്യായീകരിക്കാനുള്ള കോൺഗ്രസ് – മുസ്ലിംലീഗ് വ്യാജ പ്രചാരണം പൊളിയുന്നു. ജമാഅത്തെയെ മഹത്വവൽക്കരിച്ച് ദേശാഭിമാനി മുഖപ്രസംഗം എഴുതി എന്നായിരുന്നു പ്രചാരണം. 1996 ഏപ്രിൽ 22ന്റെ മുഖപ്രസംഗം ആയുധമാക്കിയാണിത്‌. ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച ജമാഅത്തെ നിലപാട് മുഖപ്രസംഗത്തിൽ പരാമർശിച്ചിരുന്നു.


ഇതെടുത്തായിരുന്നു കോൺഗ്രസ് –മുസ്ലിംലീഗുകാരുടെ വിമർശം. ജമാഅത്തെയുടെ വ്യാജവാർത്താ വിദഗ്ധനായ സി ദാവൂദ് പടച്ചുവിട്ട കള്ളമാണ് ദേശാഭിമാനിക്കും ഇടതുപക്ഷത്തിനുമെതിരായി പ്രചരിപ്പിച്ചത്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം മുഖപ്രസംഗം ഉയർത്തിക്കാട്ടി. എന്നാൽ, മുഖപ്രസംഗം വായിക്കാതെ ജമാഅത്തെ മീഡിയ സിൻഡിക്കറ്റിന്റെ വാദങ്ങൾ ഏറ്റുപാടുകയായിരുന്നു പ്രതിപക്ഷ നേതാവ്. സമൂഹമാധ്യമങ്ങളിലടക്കം കോൺഗ്രസ് – -ലീഗ് സംഘം ഇതാവർത്തിക്കുന്നുമുണ്ട്. ആശയക്കുഴപ്പമുണ്ടാക്കി തങ്ങളുടെ തീവ്രവാദ സഖ്യത്തിൽനിന്ന് മുഖംരക്ഷിക്കാനുള്ള പാഴ്ശ്രമമാണിത്.


deshabhimani


ജമാഅത്തെയെ വാഴ്ത്തി ഒരുവാക്ക് ദേശാഭിമാനി മുഖപ്രസംഗത്തിലില്ല. മറിച്ച് ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദികളാണെന്ന നിലപാട് ശക്തിയുക്തം അവതരിപ്പിച്ചിട്ടുമുണ്ട്. "തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ’ എന്ന പേരിലുള്ള മുഖപ്രസംഗമാണ്‌ കള്ളപ്രചാരണത്തിന് ഉപയോഗിക്കുന്നത്‌. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സ്വീകരിച്ച നിലപാടാണ് മുഖപ്രസംഗത്തിലെ പ്രധാന വിഷയം. ഒപ്പം ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ തീരുമാനവും പരാമർശിച്ചിട്ടുണ്ട്.


അതിങ്ങനെയാണ്: "ക്രിസ്തീയ പുരോഹിതരുടെ ഈ അഭ്യർഥന വന്നതിന്റെ തൊട്ടുപുറകെയാണ് ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകത്തിന്റെ തീരുമാനവും പുറത്തുവന്നത്. വരുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥികൾക്ക് വോട്ടുചെയ്യാനാണവർ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിനടിസ്ഥാനമായ അവരുടെ നിഗമനമിങ്ങനെയാണ്. ""രാജ്യത്തെ ഏറ്റവും വലിയ കക്ഷിയും ഭരണകക്ഷിയുമായ കോൺഗ്രസ് ഫാസിസത്തിന്റെ വളർച്ചക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തെ ആ പാർടി വഞ്ചിച്ചു. ‘ടാഡ'പോലുള്ള കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചു. അഴിമതി ദേശീയ സംസ്‌കാരമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായിട്ടും തെറ്റുതിരുത്താനോ മേലിൽ നീതിപൂർവം പ്രവൃത്തിക്കുമെന്നുറപ്പ് നൽകാനോ കോൺഗ്രസ്‌ തയ്യാറായിട്ടില്ല.


ലോകത്തെവിടെയുണ്ടാകുന്ന സംഭവങ്ങളായാലും പ്രശ്നങ്ങളായാലും സ്വന്തം ഇസ്ലാമിക വീക്ഷണത്തിലൂടെ മതത്തിലൂന്നി നിന്ന്‌ മാത്രം വീക്ഷിക്കുകയും നിരീക്ഷണങ്ങൾ നടത്തുകയുംചെയ്യുന്ന സംഘടനകളിലൊന്നാണ് ജമാഅത്തെ ഇസ്ലാമി. സിബിസിഐയുടേതുപോലെ അത്രയേറെ ആഴത്തിലും പരപ്പിലും സംഭവങ്ങൾ വിശകലനംചെയ്തുകൊണ്ടല്ലെങ്കിലും ജമാഅത്തും ചെന്നെത്തിനിൽക്കുന്നത് കോൺഗ്രസ്‌ വിരുദ്ധ രാഷ്ട്രീയത്തിൽ തന്നെയാണ്’– മുഖപ്രസംഗത്തിൽ പറയുന്നു. ഇതിലെവിടെയാണ്‌ മഹത്വവൽക്കരണം എന്നുമാത്രം വ്യക്തമല്ല.


ജമാഅത്തെ ഇസ്ലാമിക്ക്‌ 
വോട്ട് തേടി പാണക്കാട് തങ്ങൾ

മതരാഷ്ട്രവാദികളായ ജമാഅത്തെയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർടിക്ക്‌ വോട്ട് തേടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. മലപ്പുറത്തെ നന്നമ്പ്ര പഞ്ചായത്തിലാണ് അബ്ബാസലിയുടെ പരസ്യ വോട്ടഭ്യർഥന. യുഡിഎഫിനായി 18, 20 വാർഡുകളിൽ മത്സരിക്കുന്ന വെൽഫെയറുകാർക്കായാണ് ഇദ്ദേഹം രംഗത്തിറങ്ങിയത്.


സമൂഹമാധ്യമങ്ങളിലൂടെയും വോട്ടഭ്യർഥന നടത്തി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളുടെ സഹോദരനാണ് അബ്ബാസലി. നേരത്തെ മറ്റൊരു സഹോദരൻ ഹമീദലി വെൽഫെയർ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് വിവാദമായിരുന്നു. ലീഗിന്റെ എല്ലാമായ പാണക്കാട് കുടുംബാംഗങ്ങളടക്കം ജമാഅത്തെ ആശയ പ്രചാരണത്തിനിറങ്ങുന്നതിൽ സമസ്തയും ലീഗിലെ ഒരു വിഭാഗവും അസംതൃപ്തിയിലാണ്.


ജമാഅത്തെ ബന്ധത്തിൽ 
തെറ്റില്ലെന്ന്‌ എം കെ മുനീർ

ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ബന്ധം സ്ഥാപിക്കുന്നതിൽ എന്താണ്‌ തെറ്റെന്ന്‌ മുസ്ലിംലീഗ്‌ നിയമസഭാകക്ഷി ഉപനേതാവ്‌ എം കെ മുനീർ. നാടിന്റെ പുരോഗതിക്ക്‌ എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ അത് അമ്പലപ്പുഴ പാൽപ്പായസവും യുഡിഎഫിനെ പിന്തുണച്ചാല്‍ അത് പാവയ്ക്കാനീരും ആകുന്നതെങ്ങനെയാണ്‌. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ബന്ധം സ്ഥാപിച്ചുവെന്നാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളും പറയുന്നത്. ഒരു കാലത്ത് ജമാഅത്തിനെ കൂടെ നിര്‍ത്തിയ കാര്യം ബോധപൂര്‍വം മറക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ ജമാഅത്തെ ബന്ധം ഉന്നയിക്കുന്നതെന്നും കലിക്കറ്റ്‌ പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ ലീഡർ പരിപാടിയിൽ മുനീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home