print edition എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്‌ക്ക് ഇന്ന് തുടക്കം ; കുമ്പളയിൽ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

കാസർകോട്
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് ഞായറാഴ്‌ച മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ തുടക്കം. സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് ജാഥകളിൽ ആദ്യത്തേതാണിത്. പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
എൽഡിഎഫ് സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ വിശദീകരിക്കും. ക്ഷേമവും കരുതലും വികസനവും ഉറപ്പാക്കിയ എൽഡിഎഫ് സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കേരളം കൈവരിച്ച കുതിപ്പ് ചർച്ചാവിഷയമാക്കും. എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാക്കണമെന്ന അഭ്യർഥനയും ജാഥ മുന്നോട്ടുവയ്‌ക്കും.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പര്യടനം. സമാപനം 16ന് പാലക്കാട് തരൂരിൽ. കാസർകോട് ജില്ലയിൽ നാലിടത്താണ് വരവേൽപ്പ്. വൈകിട്ട് അഞ്ചിന് കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിലാണ് ആദ്യ ദിവസത്തെ സമാപനം. തിങ്കൾ രാവിലെ 10ന് ഉദുമയിലെ പെരിയാട്ടടുക്കത്തും പകൽ മൂന്നിന് കാഞ്ഞങ്ങാട്ടെ കോട്ടച്ചേരിയിലും വൈകിട്ട് നാലിന് തൃക്കരിപ്പൂരിലെ കാലിക്കടവിലും സ്വീകരണം. വൈകിട്ട് അഞ്ചിന് പയ്യന്നൂർ നഗരത്തിലാണ് രണ്ടാംദിവസത്തെ സമാപനം.
സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പി സന്തോഷ്‌കുമാര്‍ എംപിയാണ് ജാഥാ മാനേജര്‍.
കെ എസ് സലീഖ (സിപിഐ എം), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ് എം), പി പി ദിവാകരന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി എം സുരേഷ്ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്‍ (ആര്‍ജെഡി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), വടകോട് മോനച്ചന്‍ (കേരള കോണ്‍ഗ്രസ് ബി), എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവർ സ്ഥിരാംഗങ്ങൾ.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ മൂന്നിന് പകൽ മൂന്നിന് ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ തുടക്കം ആറിന് പത്തനംതിട്ടയിലാണ്.










0 comments