ad
Deshabhimani

print edition മൂന്നാമൂഴത്തിന്റെ മുഴക്കം ; വടക്കൻ മേഖലാ ജാഥ ഇന്ന്‌ സമാപിക്കും

jadha

എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ ഒറ്റപ്പാലത്ത് എത്തിയപ്പോൾ / ഫോട്ടോ: മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Feb 16, 2026, 02:46 AM | 2 min read


തിരുവനന്തപുരം

കേരളത്തിന്റെ മനഃസാക്ഷിക്കുമുന്നിൽ യാഥാർഥ്യങ്ങൾ ഓർമിപ്പിച്ച്‌, നവകേരളത്തിന്റെ വികസനത്തുടർച്ചയ്-ക്ക് എൽഡിഎഫ്‌ തുടരേണ്ടതിന്റെ ആവശ്യകതയിലൂന്നി പര്യടനം നടത്തിയ വികസന മുന്നേറ്റ ജാഥകൾക്ക്‌ തിങ്കളാഴ്‌ചയോടെ ഐതിഹാസിക സമാപനം.


കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി നയിച്ച മധ്യമേഖലാ ജാഥയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നായകനായ തെക്കൻമേഖലാ ജാഥയും സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്‌റ്റനായ വടക്കൻ മേഖലാ ജാഥ തിങ്കളാഴ്‌ച സമാപിക്കും. ഫെബ്രുവരി ഒന്നിന്‌ വടക്കൻമേഖലാ ജാഥയോടെയായിരുന്നു തുടക്കം. മഞ്ചേശ്വരം മുതൽ പാറശാലവരെ 140 മണ്ഡലങ്ങളിലേയും ജനങ്ങളുമായി സംവദിച്ചാണ്‌ എൽഡിഎഫ്‌ ജാഥകൾ കടന്നുപോയത്‌.


എൽഡിഎഫ്‌ സർക്കാർ പത്തുവർഷംകൊണ്ട്‌ പുതുകേരളം സൃഷ്‌ടിച്ചത്‌ എങ്ങനെയെന്നു വ്യക്തമാക്കിയായിരുന്നു ജാഥാ പ്രയാണം. നാടിനെ വർഗീയശക്തികൾക്കു വിട്ടുകൊടുക്കാതെ മതനിരപേക്ഷതയും ഐക്യവും സംരക്ഷിക്കാനുള്ള ജാഗ്രതവേണമെന്നും ജനങ്ങളോട്‌ അഭ്യർഥിച്ചു. വികസന, ക്ഷേമനടപടികൾ മറച്ചുവയ്‌ക്കാനാകാത്ത സത്യമായി ജനങ്ങളുടെ മുന്നിലുണ്ട്‌. ആശുപത്രികളും സ്‌കൂളുകളും റോഡുകളും 2016ലേതു പോലെയല്ലെന്ന്‌ അവർ തിരിച്ചറിയുന്നു. രണ്ടായിരം രൂപയാക്കിയ ക്ഷേമപെൻഷനുകൾ ലഭിക്കുന്ന 62 ലക്ഷം പേരുണ്ട്‌. 35നും 60നും ഇടയിൽ പ്രായമുള്ള 31.4 ലക്ഷം സ്‌ത്രീകൾക്ക്‌ മാസം ആയിരം രൂപ വീതം നൽകുന്ന മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പെൻഷൻ കൈകളിലെത്തിയത്‌ ജാഥാ നാളുകളിലായിരുന്നു. സ്‌ത്രീകൾ കൂട്ടമായെത്തിയാണ്‌ ജാഥയ്‌ക്ക്‌ അഭിവാദ്യമേകിയത്‌.


തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോൾ, എൽഡിഎഫ്‌ തകർന്നുവെന്ന്‌ ആഹ്ലാദിച്ചവർക്കുള്ള മറുപടിയായിരുന്നു സ്വീകരണ കേന്ദ്രങ്ങളിൽ ഒഴുകിയെത്തിയ ജനസഞ്ചയം. ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖങ്ങളിൽ അടുത്ത അഞ്ചുവർഷത്തേക്കുള്ള നിരവധി നിർദേശങ്ങളാണുണ്ടായത്‌. ഇവ ചർച്ചചെയ്‌ത്‌ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന്‌ നേതാക്കൾ ഉറപ്പുനൽകി.


കാന്തപുരത്തിന്റെ നിലപാട്‌ 
സ്വാഗതാർഹം : എം വി ഗോവിന്ദൻ

മതരാഷ്ട്രവാദത്തോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നിലപാട്‌ സ്വാഗതാർഹമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്ട്രീയലാഭത്തിനായി തീവ്രചിന്താഗതിക്കാരുമായി കൂട്ടുകൂടുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ഇത്‌ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്ന യുഡിഎഫിനും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണ്‌.


യുഡിഎഫ്‌ കൂട്ടുകെട്ടിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് വരുന്ന സ്വീകാര്യത മതരാഷ്ട്രവാദത്തിന് ഊർജമാകും. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത ജന്മശതാബ്ദിസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച്‌ പ്രമേയംതന്നെ അവതരിപ്പിച്ചൂ.

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ വർഗീയവാദിയല്ലെന്ന് പറഞ്ഞയാളാണ് വി ഡി സതീശൻ. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്‌. വളഞ്ഞവഴിയിലൂടെ പൗരത്വവും വോട്ടവകാശവും നിഷേധിക്കുന്ന സമീപനം അംഗീകരിക്കില്ല.


ശബരിമലയിൽ വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കും. ആഗോള അയ്യപ്പസംഗമത്തിന്റെ പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ട് അപൂർണവും അപാകം നിറഞ്ഞതുമാണ്‌. മുഖ്യമന്ത്രിക്ക്‌ കട്ടിൽ വാങ്ങാൻ ഒരുലക്ഷം ചെലവിട്ടു എന്നതടക്കമുള്ള വലിയ നുണകൾ ഇതിന്റെ ഭാഗമായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. വസ്‌തുത പുറത്തുവന്നിട്ടും തിരുത്താൻ അവർ തയ്യാറാകുന്നില്ലെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home