യുഡിഎഫ് വെപ്രാളമുന്നണിയായി : ബിനോയ് വിശ്വം
print edition പുതുവഴികളിൽ അലകളായി തെക്കൻ മേഖലാ ജാഥ

ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ കൊല്ലം പുനലൂർ മണ്ഡലത്തിലെ അഞ്ചലിൽ എത്തിയപ്പോൾ / ഫോട്ടോ: ശ്രീധർലാൽ
ജയൻ ഇടയ്ക്കാട്
Published on Feb 10, 2026, 04:07 AM | 2 min read
കൊല്ലം
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ ഹൃദയത്തിലേറ്റുന്ന കൊല്ലത്ത് ആവേശത്തിരകളുയർത്തി എൽഡിഎഫ് തെക്കൻ മേഖലാ ജാഥാ പ്രയാണം തുടങ്ങി. നവകേരളത്തിനൊപ്പം കൊല്ലവും കരുത്തോടെ നിലയുറപ്പിക്കുമെന്നതിന്റെ വിളംബരമായി സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ. വികസനവും ക്ഷേമവും തുടരാൻ മൂന്നാമൂഴമെന്ന് നേതാക്കൾ പറയുന്പോൾ ജനസഹസ്രങ്ങളിൽനിന്ന് നിലയ്ക്കാത്ത ഹർഷാരവം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്‌റ്റനായ ജാഥയുടെ ജില്ലയിലെ ആദ്യദിന പര്യടനം പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ മണ്ഡലങ്ങളിലായിരുന്നു.
പത്തനാപുരത്തെ വികസന മുഖത്തിന് പത്തരമാറ്റാണ്. മലയോര ഹൈവേയുടെ പുതുവഴികളിലൂടെയായിരുന്നു പുനലൂരിലേക്കുള്ള യാത്ര. കാലത്തിനൊപ്പം കുതിച്ച് കൊട്ടാരക്കര ചരിത്രമെഴുതുന്നു. കുന്നത്തൂരിന് മുന്നേറ്റങ്ങളുടെ നൂറുകഥകൾ പറയാനുണ്ടായിരുന്നു. എൽഡിഎഫ് സർക്കാർ ജോലി ഉറപ്പാക്കിയ പത്തനാപുരം എസ്എഫ്സികെ തൊഴിലാളികളുടെ പ്രതിനിധികളും പുനലൂർ അരിപ്പയിൽ സ്വന്തം മണ്ണെന്ന സ്വപ്നം യാഥാർഥ്യമായ മലയോര ജനതയും ജാഥയെ ഹൃദയപൂർവം വരവേറ്റു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് മാനേജരായ ജാഥയിൽ കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സിപിഐ ദേശീയ കൗൺസിൽ അംഗം പി വസന്തം, വി ടി ജോസഫ് (കേരള കോൺഗ്രസ് എം), കെ വി ബാലസുബ്രഹ്മണ്യൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി കെ രാജൻ (എൻസിപി), യൂജിൻ മോറേലി (ആർജെഡി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), എ ഷാജു (കേരള കോൺഗ്രസ് ബി), ജോർജ് അഗസ്റ്റ്യൻ (ജനാധിപത്യ കേരള കോൺഗ്രസ്), സി പി അൻവർ സാദത്ത് (ഐഎൻഎൽ), ജോണി ചെറുപറമ്പിൽ (കേരള കോൺഗ്രസ് സ്കറിയ തോമസ്) എന്നിവരാണ് അംഗങ്ങൾ.
ചൊവ്വ രാവിലെ 10ന് കരുനാഗപ്പള്ളി, പകൽ മൂന്നിന് ചവറ, വൈകിട്ട് നാലിന് കുണ്ടറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കൊല്ലം, ഇരവിപുരം മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണം വൈകിട്ട് അഞ്ചിന് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടക്കും.
യുഡിഎഫ് വെപ്രാളമുന്നണിയായി : ബിനോയ് വിശ്വം
യുഡിഎഫിനെ ഐക്യജനാധിപത്യമുന്നണി എന്നതിനുപകരം അവസരവാദ അനൈക്യമുന്നണിയെന്ന് വിളിക്കേണ്ട കാലമായെന്ന് ബിനോയ് വിശ്വം. ശബരിമല സ്വർണമോഷണത്തിൽ യുഡിഎഫ് നേതാക്കളുടെ പട്ടിക പുറത്തുവരുന്നു. അടൂർ പ്രകാശും ആന്റോ ആന്റണിയും എപ്പോൾ ജയിലിൽ പോകുമെന്ന് അറിയില്ല. ഇതോടെ വെപ്രാള മുന്നണിയായി യുഡിഎഫ് മാറിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയം പറയാതെയും നാടിന്റെ വികസനം ചർച്ചചെയ്യാതെയും നുണയുടെ അമിട്ട് പൊട്ടിക്കാനാണ് യുഡിഎഫ് ശ്രമം. അവർ നടത്തുന്ന ജാഥയിലും ഇത്തരം അമിട്ട് പൊട്ടുന്നുണ്ട്. കെട്ടുറപ്പുള്ള ഭരണമാണ് ജനങ്ങൾക്കുവേണ്ടത്. അതാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.










0 comments