print edition ജനപദങ്ങൾ നിറഞ്ഞ്...

എം വി ഗോവിന്ദൻ ക്യാപ്റ്റനായ എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്-ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണം ഫോട്ടോ: സുമേഷ് കോടിയത്ത്
പി പി സതീഷ്‌കുമാർ
Published on Feb 03, 2026, 03:24 AM | 1 min read
കാസർകോട്
നവകേരളത്തിലേക്ക് ചുവടുറപ്പിക്കാൻ മൂന്നാം തുടർഭരണമെന്ന വിളംബരവുമായി വികസനമുന്നേറ്റ ജാഥയിൽ അണിനിരന്ന് ജനസഞ്ചയം. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ ജാഥ രണ്ടാം ദിനം കാസർകോട് പര്യടനം പൂർത്തിയാക്കി കണ്ണൂരിലേക്ക് പ്രവേശിച്ചു. ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കം, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ്, പയ്യന്നൂർ എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്‌ച സ്വീകരണം. ക്ഷണിക്കപ്പെട്ട സദസ്സുമായി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ആശയവിനിമയ പരിപാടിയോടെയാണ് തിങ്കളാഴ്‌ചത്തെ പര്യടനത്തിന് തുടക്കമായത്.
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത ജാഥ പെൈവളിഗെയും കയ്യൂരും ചീമേനിയും കരിവെള്ളൂരും ഉൾപ്പെടെയുള്ള വിപ്ലവഭൂമികൾ പിന്നിട്ടാണ് പയ്യന്നൂരിൽ രണ്ടാംദിന പര്യടനം സമാപിച്ചത്.
ജില്ലാ അതിർത്തിയായ കാലിക്കടവിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ ജാഥയെ കണ്ണൂർ ജില്ലയിലേക്ക് വരവേറ്റു. ചൊവ്വാഴ്‌ച രാവിലെ പത്തിന് പഴയങ്ങാടി, പകൽ മൂന്നിന് തളിപ്പറമ്പ്, നാലിന് ശ്രീകണ്ഠപുരം, വൈകിട്ട് അഞ്ചിന് ഇരിട്ടി (സമാപനം) എന്നിങ്ങനെയാണ് പര്യടനം.










0 comments