ad
Deshabhimani

print edition പുതുകേരളത്തിന്‌ 
കരുത്താകും വടക്കൻ കാറ്റ്‌

ldf victory
avatar
പി വി ജീജോ

Published on Dec 10, 2025, 03:05 AM | 1 min read


കോഴിക്കോട്‌

മതനിരപേക്ഷതയ്‌ക്കും ജനക്ഷേമ വികസനത്തിനും സമ്മതിയേകാനുള്ള മനസുറപ്പോടെ വടക്കൻ കേരളം. ബൂത്തിലേക്ക്‌ നീങ്ങുന്നതിന്‌ തൊട്ടുമുന്പും തൃശൂർ മുതൽ കാസർകോട്‌വരെ ഏഴുജില്ലകളിലും ഇ‍ൗ ഹൃദയവികാരം പ്രകടം. ഒരു മാസത്തോളമായ പ്രചാരണത്തിൽ വർഗീയതക്കെതിരെയും വികസനത്തിനും ക്ഷേമത്തിനും വോട്ട്‌ എന്നതായിരുന്നു ചർച്ച. ജമാഅത്തെ ഇസ്ലാമിയെ കോണിപ്പുറത്തേറ്റിയും ബിജെപിയെ കൈയിലേന്തിയുമുള്ള യുഡിഎഫിന്റെ വർഗീയ സഖ്യത്തെ പഞ്ചായത്തുകളിൽ പ്രവേശിപ്പിക്കില്ലെന്ന എൽഡിഎഫിന്റെ നിശ്ചയത്തിനുള്ള സമ്മതിയാകും വ്യാഴാഴ്‌ച ബൂത്തുകളിൽ രേഖപ്പെടുത്തുക. നാടിന്റെ മുഖച്ഛായ മാറ്റിയ വികസനപ്രവർത്തനങ്ങളും ജീവിതം സുന്ദരമാക്കിയ ക്ഷേമപദ്ധതികളും നടപ്പാക്കിയ സർക്കാരിനും എൽഡിഎഫിനുമുള്ള പിന്തുണയാകും വടക്കൻ ജില്ലകളുടെ വിധിയെഴുത്ത്‌.

പ്രചാരണതുടക്കം മുതൽ കൊട്ടിക്കലാശംവരെ ജനവികാരത്തിൽ ഇത്‌ പ്രകടം.


മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ കോൺഗ്രസും ലീഗും പുണർന്ന കാഴ്‌ചയാണ്‌ കണ്ടത്‌. മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിലെല്ലാം വർഗീയമുന്നണി പരസ്യമാണ്‌. ഉരുളിൽ തകർന്ന നാടിനെ അതിവേഗം പുനർനിർമ്മിക്കുന്ന സർക്കാരിനുള്ള ഹൃദയവായ്‌പുമായാണ്‌ വയനാട്ടുകാർ എൽഡിഎഫിനെ സ്വീകരിക്കുന്നത്‌. തുരങ്കപാത അടക്കമുള്ള വികസനവുമായി കുതിക്കുന്ന ഗ്രാമീണദേശത്തിന്റെ രാഷ്‌ട്രീയ മൂഡ്‌ മാറിക്കഴിഞ്ഞു. ഡിസിസി ട്രഷറർ ഉൾപ്പെടെ അഞ്ച്‌ കോൺഗ്രസുകാർ ജീവനൊടുക്കേണ്ടിവന്നതിന്റെ കനലുകൾ മാറ്റത്തിന്‌ ആക്കം കൂട്ടും.


തങ്ങളുടെ പച്ചക്കോട്ടയെന്ന്‌ അഹങ്കരിച്ചിരുന്ന മലപ്പുറത്ത്‌ ജമാഅത്തെ ഇസ്ലാമിയുടെ ഗ്യാസ്‌കുറ്റിയുമായി വോട്ട്‌ യാചിക്കേണ്ട ഗതികേടിലാണ്‌ ലീഗ്‌. പാണക്കാട്‌ തങ്ങൾമാരടക്കം ജമാഅത്തെ സ്ഥാനാർഥികൾക്കായി ഇറങ്ങിയത്‌ ലീഗിന്റെ തകർച്ചയാണ്‌ കാണിക്കുന്നത്‌. പൊന്മുണ്ടമടക്കമുള്ള പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും പരസ്‌പരം മത്സരിക്കുന്നതും മലപ്പുറം ഭദ്രമല്ലെന്ന്‌ യുഡിഎഫിന്‌ മുന്നറിയിപ്പാകുന്നു.


സംസ്ഥാനത്ത്‌ ആദ്യമായി ദേശീയപാതവികസനം പൂർത്തിയാക്കിയ കാസർകോട്ട്‌ ദുർബ്ബലമായ ബിജെപിയും ക്ഷീണിച്ച ലീഗുമെല്ലാം എൽഡിഎഫിന്റെ വിജയസൂചനകളാണ്‌. എന്നും ഇടതുപക്ഷ പതാക പാറിച്ചിട്ടുള്ള കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലെ ഫലത്തെക്കുറിച്ച്‌ മറിച്ചൊരു പ്രവചനമില്ല. കഴിഞ്ഞ തവണത്തെ വിജയം കോർപറേഷനിലടക്കം നിലനിർത്താമെന്ന വിശ്വാസമാണ്‌ തൃശൂരിലും എൽഡിഎഫിനുള്ളത്‌.


നിലവിൽ മലപ്പുറവും വയനാടുമൊഴികെ ജില്ലാപഞ്ചായത്തുകൾ ഇടതുപക്ഷത്തിനൊപ്പമാണ്‌. 470 പഞ്ചായത്തിൽ 284ലും എൽഡിഎഫ്‌ ഭരണം. മൂന്നിൽ രണ്ട്‌ കോർപറേഷനും ഭൂരിഭാഗം നഗരസഭകളിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും വിജയക്കൊടി പാറിച്ചു. ഇ‍ൗ ചരിത്രത്തിന്‌ അഭിമാനമേകി കൂടുതൽ കരുത്തോടെ പുതുവർഷത്തിലേക്കും പുതിയകേരളത്തിലേക്കും കുതിക്കാനുള്ള വടക്കൻ കാറ്റാകും ഇക്കുറിയും വീശുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home