print edition പ്രക്ഷോഭകാഹളം; തദ്ദേശഫണ്ട് വെട്ടിക്കുറച്ചതിനെതിരെ ജനപ്രതിനിധികൾ

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:00 AM | 1 min read
തിരുവനന്തപുരം: പദ്ധതിവിഹിതം വെട്ടിക്കുറച്ചും ഫണ്ട് അനുവദിക്കാതെയും തദ്ദേശ സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെ ജനപ്രതിനിധികൾ സമരരംഗത്ത്. കോർപറേഷൻ, മുനിസിപ്പൽ കൗൺസിലർമാരും തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളും എൽഡിഎഫ് നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് മാർച്ച് ചെയ്‌തു. പഞ്ചായത്തുകളിലേക്ക് ആഗസ്‌ത് ഒന്ന്, മൂന്ന് തീയതികളിൽ ജനപ്രതിനിധികളും ബഹുജനങ്ങളും മാർച്ച് നടത്തും.
എൽഡിഎഫ് സർക്കാർ ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻഫണ്ടായി 10,189 കോടി രൂപ നീക്കിവച്ചപ്പോൾ യുഡിഎഫ് സർക്കാർ 8655.45 കോടിയാക്കി കുറച്ചു. 1533.55 കോടി കുറവ്. കോർപറേഷനുകൾക്ക് 569.15 കോടി, നഗരസഭകൾക്ക് 222.69 കോടി, ത്രിതല പഞ്ചായത്തുകളുടെ വിഹിതത്തിൽ 741.51 കോടി എന്നിങ്ങനെ കുറഞ്ഞു.
സെക്രട്ടറിയറ്റിനുമുന്നിലെ സമരം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. ജി ആർ അനിൽ എംഎൽഎ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ, ഐഎസ്‌ജെഡി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, ആർജെഡി സെക്രട്ടറി ജനറൽ വറുഗീസ് ജോർജ്, എൻസിപി എസ്‌പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്, കോൺഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, സഹായദാസ്, പി സി ജോസഫ്, ഷാജി കടമല, പി പ്രസന്നകുമാർ, എസ് എം ബഷീർ, മുനിസിപ്പൽ ചെയർമാൻസ് ചേംബർ സെക്രട്ടറി വി വി രമേശൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി, നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്‌സൺ ആർ ജയദേവൻ, തിരുവനന്തപുരം കോർപറേഷൻ എൽഡിഎഫ് നേതാവ് എസ് പി ദീപക് എന്നിവർ സംസാരിച്ചു.










0 comments