ഇഡി റെയ്ഡ്: മുട്ടുമടക്കുന്ന കോൺഗ്രസ് നേതാക്കളെ മാത്രമേ മോദി കണ്ടിട്ടുള്ളൂ; ഇടതുപക്ഷത്തിന്റെ ആർജവം അമിത് ഷായ്ക്ക് മനസ്സിലാകില്ല: എം സ്വരാജ്

എം സ്വരാജ്
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന സംഘപരിവാർ സമീപനം അങ്ങേയറ്റം ലജ്ജാകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ഇഡിയുടെ രാഷ്ട്രീയ വേട്ടയാടലിനെതിരെയുള്ള എൽഡിഎഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡി എന്ന രണ്ടക്ഷരം കേൾക്കുമ്പോഴേക്കും മുട്ടുകുത്തി സംഘപരിവാറിന്റെ പാദസേവ ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ മാത്രമേ നരേന്ദ്ര മോദിയും അമിത് ഷായും കണ്ടിട്ടുള്ളൂ. എന്നാൽ, അവസാന ശ്വാസം വരെ വർഗീയതയ്‌ക്കെതിരെ പൊരുതുന്ന ഇടതുപക്ഷത്തിന്റെ കരുത്തോ, പിണറായി വിജയന്റെ ആർജ്ജവമോ മനസ്സിലാക്കാൻ ഉത്തരേന്ത്യൻ ഭരണാധികാരികൾക്ക് കഴിയില്ലെന്ന് സ്വരാജ് ഓർമിപ്പിച്ചു.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന രീതി കോൺഗ്രസ് ഭരണകാലത്തുതന്നെ തുടങ്ങിയതാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ 55 ശതമാനമായിരുന്നു. എന്നാൽ ബിജെപി അധികാരത്തിൽ വന്നതോടെ ഇത് 95 ശതമാനമായി വർധിച്ചു.
കോൺഗ്രസ് തുടങ്ങിവെച്ച നറികേടുകൾ കൂടുതൽ അക്രമോത്സുകമായി ബിജെപി ഏറ്റെടുക്കുകയായിരുന്നു. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ അതേപടി പിന്തുടരുന്ന ബിജെപി, വേട്ടയാടലിലും അവരുടെ പാത തന്നെയാണ് സ്വീകരിക്കുന്നത്. അഴിമതി കേസിൽ പെട്ടാൽ ഇഡിയെ പേടിച്ച് നട്ടെല്ല് വളച്ച് ബിജെപി ഓഫീസിലേക്ക് ഓടിക്കയറുന്നവരാണ് കോൺഗ്രസ് നേതാക്കൾ.
തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വന്ന് 'എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല' എന്ന് ചോദിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് കടുത്ത രാഷ്ട്രീയ അപക്വതയാണ്. രാജ്യത്തെ മതനിരപേക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണിയുടെ തകർച്ചയ്ക്ക് കാരണമാകുന്ന നിലപാടാണ് കോൺഗ്രസ് ബംഗാളിലും കേരളത്തിലും സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസും റോബർട്ട് വാദ്രയുടെ ഭൂമി തട്ടിപ്പ് കേസും ഇപ്പോൾ ഇഡി എങ്ങുമെത്തിക്കാതെ മെല്ലെപ്പോക്കിലാണ്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ സംഘപരിവാറുമായി കോൺഗ്രസ് ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും സ്വരാജ് ആരോപിച്ചു.
പത്തു കൊല്ലം കേരളം ഭരിച്ചിട്ടും സഖാവ് പിണറായി വിജയന്റെയോ അദ്ദേഹത്തിന്റെ ക്യാബിനറ്റിലെ മറ്റ് മന്ത്രിമാരുടെയോ പേരിൽ ഒരൊറ്റ അഴിമതി ആരോപണം പോലും വ്യക്തമായ തെളിവുകളോടെ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. 12 തവണ ഇതേ ആവശ്യവുമായി അവർ ഹൈക്കോടതിയിൽ പോയി തോറ്റ ചരിത്രമാണുള്ളത്. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നത്.
ജിഎസ്ടിയും ഐജിഎസ്ടിയും കൃത്യമായി അടച്ച രേഖകൾ പുറത്തുവന്നിട്ടും മാധ്യമങ്ങളും വലതുപക്ഷവും കള്ളപ്രചരണം തുടരുകയാണ്. ചില വലതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ ചോർത്തിയാണ് റെയ്ഡ് നാടകം കളിക്കുന്നത്. മണിക്കൂറുകൾ പരിശോധന നടത്തിയിട്ടും ഒടുവിൽ 'ഒന്നും കണ്ടെത്തിയില്ല' എന്ന് ഇഡിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു.
ഈ രാഷ്ട്രീയ വേട്ടയാടൽ കൊണ്ട് പിണറായി വിജയനെയോ പാർട്ടിയേയോ തകർത്തുകളയാമെന്ന് ഇഡിക്കോ അവരുടെ സൃഷ്ടാക്കൾക്കോ കഴിയില്ല. ഇടതുപക്ഷത്തെ ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ തളർത്താമെന്ന് ആരും മോഹിക്കേണ്ടെന്നും, ഈ നെറികേടിനെ ജനങ്ങളെ അണിനിരത്തി പൂർണ്ണമായും ജനാധിപത്യപരവും സമാധാനപരവുമായി നേരിടുമെന്നും എം സ്വരാജ് വ്യക്തമാക്കി.










0 comments