ad
Deshabhimani

പാചകവാതക പ്രതിസന്ധി; കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ് പ്രതിഷേധം

T P Ramakrishnan
വെബ് ഡെസ്ക്

Published on Mar 11, 2026, 08:10 PM | 1 min read

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇടപെടാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് നാളെ (12/03/2026) സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു.


യുദ്ധ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടാണ് രാജ്യം ഇപ്പോൾ നേരിടുന്ന ദുരന്തത്തിന് കാരണമെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. കേരളത്തിൽ പാചകത്തിന് എൽപിജിയെ ആശ്രയിക്കാത്ത വീടുകൾ കുറവായതിനാൽ പ്രതിസന്ധി എല്ലാ മേഖലകളെയും അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്.


സംസ്ഥാനത്ത് പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകൾ അടച്ചുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഒട്ടേറെ ഹോട്ടലുകൾ പ്രവർത്തനമവസാനിപ്പിച്ചു. കൊച്ചിയിൽ മാത്രം എണ്ണായിരത്തോളം ഹോട്ടലുകളെ പ്രതിസന്ധി ബാധിച്ചു. കൂടുതൽ സമയം പാചകം ചെയ്യേണ്ട ബിരിയാണി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി.


വാണിജ്യ സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെട്ടതോടെ ഹോസ്റ്റലുകളിലെ മെസ്സുകളും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ഗാർഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സിലിണ്ടറുകൾക്ക് അടുത്തിടെ വരുത്തിയ വിലവർദ്ധനയും സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർത്തു. റമദാൻ മാസം കൂടിയായതിനാൽ വീടുകളിൽ പാചകവാതക ഉപയോഗം വർദ്ധിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ ഈ ക്രൂരത.


വിറകടുപ്പുകളിലേക്ക് മാറുന്നത് നഗരപ്രദേശങ്ങളിൽ പ്രായോഗികമല്ലെന്നിരിക്കെ, ഇൻഡക്ഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഗൗരവമേറിയ ഈ സാഹചര്യത്തിലും ഉണർന്നു പ്രവർത്തിക്കാത്ത കേന്ദ്ര സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് എല്ലാ ബഹുജനങ്ങളെയും അണിനിരത്തിയുള്ള പ്രക്ഷോഭമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home