സുപ്രധാന സമരമുഖം : മുഖ്യമന്ത്രി
print edition കേരളത്തോട് കേന്ദ്ര ഉപരോധം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം
കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത ഉപരോധനയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം തിങ്കളാഴ്‌ച. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും അണിനിരക്കും.
കടുത്ത കേന്ദ്ര അവഗണനയിലും തനത് വരുമാനം കൂട്ടി ബദൽ നയങ്ങളിലൂടെ മുന്നേറാൻ ശ്രമിക്കുകയാണ് കേരളം. അതിനും അനുവദിക്കില്ലെന്ന കേരള വിരുദ്ധ സമീപനമാണ് കേന്ദ്രത്തിന്റേത്. തൊഴിലുറപ്പ് പദ്ധതിയുടെ മുഴുവൻ ഭാരവും സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവച്ചത് ഇതിന്റെ ഭാഗം. ബ്രാൻഡിങിന്റെ പേരിലും പല വിഹിതങ്ങളും തടഞ്ഞുവച്ചു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റേണ്ട പല പദ്ധതികളും ഇഴയുന്നതും പുതിയ പദ്ധതികൾ വരാത്തതും കരുതിക്കൂട്ടിയുള്ള കേന്ദ്രഅവഗണനയുടെ ഫലമാണ്.
ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ അവകാശങ്ങളും വിഹിതങ്ങളും നിഷേധിക്കുമ്പോൾ ശബ്‌ദമുയർത്താൻ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമോ നാടിനൊപ്പം നിൽക്കേണ്ട ഭൂരിപക്ഷം മാധ്യമങ്ങളോ അതിന് തയ്യാറാകുന്നില്ലെന്നതും ചർച്ചയാണ്. അഞ്ചുവർഷത്തിനിടെ കേരളത്തിന് അർഹമായ 57,000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞത്.
കേന്ദ്രത്തിന്റേതുൾപ്പെടെ ഏത് പദ്ധതിയും കേരളത്തിൽ സമയബന്ധിതമായി നടക്കുന്നുവെന്നത് വലിയ ദോഷമായാണ് ബിജെപി സർക്കാർ കാണുന്നത്. മികച്ച റോഡുകളും ആശുപത്രികളും സ്‌കൂളുകളും കേന്ദ്ര വിഹിതം തടയാനുള്ള കാരണമാക്കുന്നു. ധനകമീഷന്റെ മാനദണ്ഡങ്ങളിൽ പോലും ഇടപെട്ട് മാറ്റം വരുത്തിയാണ് എൻഡിഎ ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുമ്പ് ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണ് തിങ്കളാഴ്‌ചത്തെ സമരം.
എൽഡിഎഫിലെ ഘടകകക്ഷികളും മുന്നണിയുമായി സഹകരിക്കുന്ന പാർടികളും വർഗബഹുജന സംഘടനകളും പ്രകടനമായെത്തി സത്യഗ്രഹത്തെ പിന്തുണയ്‌ക്കും. നാടിനെ സ്‌നേഹിക്കുന്നവരുടെയാകെ പിന്തുണയോടെയായിരിക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം.
സുപ്രധാന സമരമുഖം : മുഖ്യമന്ത്രി
തിങ്കളാഴ്‌ചത്തെ സത്യഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യഗ്രഹത്തിൽ ജനപ്രതിനിധികളോടൊപ്പം നാടൊന്നാകെ അണിനിരക്കും.
എല്ലാവർക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ പ്രതിജ്ഞാബദ്ധമായ ഇടപെടലുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. വികസനമുന്നേറ്റത്തെ തടസ്സപ്പെടുത്തി സർക്കാരിനെയും നാടിനെയും ശ്വാസംമുട്ടിക്കാനായി കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധം വലിയ ജനരോഷമുയർത്തിയിട്ടുണ്ട്. ജനകീയ വികസന പദ്ധതികൾ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. സ്‌ത്രീസുരക്ഷാ പദ്ധതി, കണക്‌റ്റ് ടു വർക് സ്‌കോളർഷിപ് തുടങ്ങിയ ഇടപെടലുകളെയും ക്ഷേമപെൻഷൻ വിതരണം പോലുള്ള നടപടികളെയും തടസ്സപ്പെടുത്തുന്ന കേന്ദ്രനീക്കത്തെ കേരളം ചെറുക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.










0 comments