print edition നൈപുണിക്ക് ക്രെഡിറ്റ് വര്‍ധിപ്പിക്കില്ല; കേരളം എന്‍ഇപിയില്‍ ഇല്ല , പ്രചാരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം
സംസ്ഥാനത്തെ നാലുവര്‍ഷ ബിരുദത്തില്‍ നൈപുണ്യ പഠന ക്രെഡിറ്റ് വര്‍ധിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍. ഇത്തരമൊരു ചര്‍ച്ചപോലും നടത്തിയിട്ടില്ല. എന്നാല്‍, ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) കേരളം നടപ്പാക്കുന്നെന്ന തരത്തിലാണ് ഒരുവിഭാഗം പ്രചാരണം നടത്തുന്നത്.
വിദ്യാർഥികൾക്ക് നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി പൂർത്തീകരിക്കേണ്ട നൈപുണ്യ വികസന കോഴ്സ് സംബന്ധിച്ചുള്ള ആശയ രൂപീകരണത്തിന് സര്‍വകലാശാലകളും സർക്കാർ അംഗീകൃത ഏജൻസികളുമായും കണ്‍സള്‍ട്ടേഷന്‍ നടത്തി. സ്കിൽ കോഴ്സ് എങ്ങനെ സര്‍വകലാശാലകള്‍ വഴി ഡിസൈൻ ചെയ്യാം എന്നതായിരുന്നു ചര്‍ച്ച. ഇതിന്റെ ഭാഗമായുള്ള കരടില്‍ യുജിസി 2025ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശവും വിതരണം ചെയ്തു. 50 ശതമാനം ക്രെഡിറ്റുകൾ നൈപുണ്യ വികസനത്തിന് ഉപയോഗിക്കാമെന്നത് യുജിസിയുടെ നിര്‍ദേശമാണ്. സംസ്ഥാനം ആ രീതിയിലല്ല നടപ്പാക്കിയത്.
സ്കിൽ കോഴ്സുകൾക്കുള്ള ക്രെഡിറ്റ് നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് വർഷത്തില്‍ ഒമ്പത് ക്രെഡിറ്റ് സ്കിൽ കോഴ്സുകളും രണ്ട് ക്രെഡിറ്റ് ഇന്റേൺഷിപ്പുമാണ് ക്രമീകരിച്ചത്. ഇതിനുപുറമെ താല്പര്യമുള്ളവര്‍ക്ക് അധിക ക്രെഡിറ്റായോ, വൊക്കേഷണൽ മൈനറായോ നൈപുണ്യ വികസന കോഴ്സ് ചെയ്യാൻ അവസരമുണ്ട്. നാലാം വർഷം ഓണേഴ്സ് പ്രോഗ്രാം എടുക്കുന്നവർക്ക് താല്പര്യമുണ്ടെങ്കിൽ 12 ക്രെഡിറ്റ് അഡ്വാൻസ്ഡ് സ്കിൽ കോഴ്സുകളും 12 ക്രെഡിറ്റ് പ്രൊജക്റ്റ് വർക്കുമായി നൈപുണ്യ പഠനം തുടരാം. നിലവില്‍ ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസ് അറിയിച്ചു.









0 comments