print edition ക്ഷീരമേഖലയിൽ എൽഡിഎഫ് സർക്കാരിന്റെ കൈയൊപ്പ് :പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത

ആർ ഹണീഷ് കുമാർ
Published on Jul 21, 2026, 12:01 AM | 2 min read
മലപ്പുറം: പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാൻ സംസ്ഥാനത്ത് 10 വർഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയത് 935.48 കോടി രൂപയുടെ പദ്ധതികൾ. ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെ 49341 കറവപ്പശുക്കളെയും 11383 കിടാരികളെയും സംസ്ഥാനത്ത് എത്തിച്ചു. 10,000 ഹെക്ടറിലധികം സ്ഥലത്ത് പുൽകൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞതായും ക്ഷീരവികസന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2024– -25 സാന്പത്തിക വർഷം 143 കോടി രൂപയിലധികംവരുന്ന പദ്ധതിവിഹിതം ചെലവഴിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ ക്ഷീരമേഖലയിലെ പദ്ധതികൾ നടപ്പാക്കിയത്.
ക്ഷീര കർഷകരുടെ വരുമാനം വർധിപ്പിക്കാനും യുവതലമുറയെ ക്ഷീരോൽപ്പാദന മേഖലയിലേക്ക് ആകർഷിക്കാനും മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി "ക്ഷീരയുവ സ്മാർട്ട് ഡെയ്റി ഫാം യൂണിറ്റ്' നടപ്പാക്കി. 10 പശുക്കളും ആധുനികരീതിയിലുള്ള തൊഴുത്തും ഉൾപ്പെടുന്ന പദ്ധതിയാണിത്. മറ്റ് ഗുണഭോക്തൃ പദ്ധതികളിൽ 40 വയസ്സിനുതാഴെയുള്ളവർക്ക് പ്രത്യേക പരിഗണനയും നൽകുന്നു. മൃഗസംരക്ഷണ വകുപ്പിൽ മുഴുവൻ ജില്ലകളിലും സംരംഭകത്വം വികസന സെല്ലുകളും തുടങ്ങി.
സഹായ പദ്ധതികൾ
വ്യക്തിഗത സബ്‌സിഡി: പശുവളർത്തൽ ഉപജീവനമാർഗമായവർക്ക് ഒരു പശു യൂണിറ്റിന് 30,000 രൂപ, രണ്ട് പശു യൂണിറ്റിന് 60,000 രൂപ, അഞ്ച് പശു യൂണിറ്റിന് 1,50,000 രൂപ.
ഡെയ് റിഫാം സബ്‌സിഡി: ബാങ്ക് വായ്‌പ ഉൾപ്പെടുത്തി വ്യാവസായികാടിസ്ഥാനത്തിൽ 10 പശു യൂണിറ്റിന് 3,80,000 രൂപ. രണ്ട് പശു യൂണിറ്റിന് 7,60,000 രൂപ.
ക്ഷീരയുവ: യുവസംരംഭകർക്ക് സ്‌മാർട് ഡെയ് റിഫാം തുടങ്ങാൻ യൂണിറ്റൊന്നിന് 4,64,000 രൂപ സഹായം. അഞ്ച് പശുക്കളും അനുബന്ധ ഘടകങ്ങളും ഉൾപ്പെടുന്നതാണ് യൂണിറ്റ്.
ഗ്രൂപ്പുകൾക്ക് സഹായം: ജെഎൽജി, എസ്എച്ച്‌ജി, എഫ്‌പിഒ, മറ്റ് രജിസ്ട്രേഡ് ഗ്രൂപ്പുകൾ എന്നിവയ്ക്ക് അഞ്ച് പശു യൂണിറ്റിന് 1,83,000 രൂപയും 10 പശു യൂണിറ്റിന് 3,80,000 രൂപയും സബ്‌സിഡി. വായ്‌പ നിർബന്ധം.
കിടാരി പാർക്ക് യൂണിറ്റ്: കിടാരികളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്താനും സർക്കാരിന്റെ പദ്ധതി ഗുണഭോക്താക്കൾക്ക് വിൽപ്പന നടത്താനുമായി വ്യക്‌തികൾ, ഗ്രൂപ്പുകൾ, ക്ഷീരസംഘങ്ങൾ എന്നിവർക്കുള്ള പദ്ധതിയാണിത്. ഒന്നാംഘട്ടമായി ഒന്പത് ലക്ഷം രൂപയും രണ്ടാം ഘട്ടമായി ആറ് ലക്ഷം രൂപയും സബ്‌സിഡി.
ക്ഷീരലയം: തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കമ്യൂണിറ്റി തൊഴുത്തിൽ 10 പശുക്കളെ വളർത്താൻ സഹായം നൽകുന്ന പദ്ധതി.
ക്ഷീരതീരം: മത്സ്യത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ എന്നിവരുടെ ഉന്നമനത്തിനുള്ള വ്യക്‌തിഗത പദ്ധതി.
ക്വാറന്റൈൻ സെന്റർ: സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന ഉരുക്കളെ ക്വാറന്റൈൻ ചെയ്യുന്നതിനും ഉരുക്കളെ വിതരണംചെയ്യുന്നതിനുമുള്ള പ്രത്യേക പദ്ധതി.
തീറ്റപ്പുൽകൃഷി: തീറ്റപ്പുൽ ഉൽപ്പാദനത്തിനും സംരക്ഷണത്തിനും സഹായം.
ജലസേചനം: ഒരേക്കറിൽ താഴെ തീറ്റപ്പുൽകൃഷിക്ക് യൂണിറ്റൊന്നിന് 10,000 രൂപയും ഒരേക്കറിനുമുകളിൽ ഏക്കറൊന്നിന് 25,000 രൂപയും സഹായം.
തരിശുനില തീറ്റപ്പുൽകൃഷി: തരിശുനിലത്ത് തീറ്റപ്പുൽകൃഷി ചെയ്യാൻ വ്യക്‌തികൾ, ഗ്രൂപ്പുകൾ, ക്ഷീരസംഘങ്ങൾ എന്നിവയ്ക്ക് യൂണിറ്റൊന്നിന് 1,00,000 രൂപ സഹായം.
പലിശരഹിത വായ്പാ പദ്ധതി: ഫാം ആധുനികവൽക്കരണത്തിനും നവീകരണത്തിനുമായി ലോൺ എടുത്ത തുകയുടെ അഞ്ച് വർഷംവരെയുള്ള പലിശ പൂർണമായും നൽകുന്ന പദ്ധതി. കറവയന്ത്രം വാങ്ങാനും ധനസഹായമുണ്ട്.
യന്ത്രവൽക്കരണം: കാലിത്തൊഴുത്തിന്റെ അറ്റകുറ്റപ്പണിക്കും മിസ്റ്റ്, ഫാൻ, ഫോഗർ, റബർ മാറ്റ്, ഫ്ലൈട്രാപ് തുടങ്ങി 20 ഇനങ്ങൾക്കും ധനസഹായം. സബ്സിഡി 50 ശതമാനം.
ഉൽപന്ന വൈവിധ്യവത്ക്കരണം
മൂല്യവർധിത ഉൽപന്നങ്ങളുടെ വൈവിധ്യവത്ക്കരണത്തിനായി ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി "ഗ്രാമീണ വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ' പദ്ധതിയിലെ "മൂല്യവർധിത ഉൽപന്നങ്ങളുടെയും ജൈവ ഇൻപുട്ടുകളുടെയും നിർമാണത്തിനും വിപണനത്തിനുമായി ധനസഹായം' എന്ന ഘടക പദ്ധതിയിൽ ബയോ ഇൻപുട്ടുകളുടെയും (ചാണകം, മൂത്രം തുടങ്ങിയവ) മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും നിർമാണത്തിനും വിപണനത്തിനുമായി ജെഎൽജി/എസ്‌എച്ച്‌ജി ഗ്രൂപ്പുകൾക്ക് ധനസഹായ പദ്ധതിയും നടപ്പാക്കി.
‘റീ പൊസിഷനിങ് മിൽമ' എന്ന പദ്ധതിയുടെ ഭാഗമായി വിപണിയിലെ മാറ്റങ്ങൾക്കും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കും അനുസൃതമായുള്ള ഉൽപന്നങ്ങൾ മിൽമ വിപണിയിലെത്തിച്ചു. നെയ്യ്, തൈര്, സംഭാരം, യോഗർട്ട്, വെണ്ണ, പനീർ, പാലട മിക്‌സ്, ഫ്ലേവേർഡ് മിൽക്കുകൾ, പേഡകൾ, ഐസ്‌ക്രീമുകൾ, ഹെൽത്ത് ഡ്രിങ്കുകൾ തുടങ്ങിയവ.










0 comments