തടങ്കൽ പാളയങ്ങളല്ല; ജയിലുകളെ ക്രിയാത്മകമാക്കിയത് എൽഡിഎഫ് സർക്കാർ

പൂജപ്പുര സെൻട്രൽ ജയിൽ, ജയിൽ വിഭവങ്ങൾ

സ്വന്തം ലേഖകൻ
Published on Jul 28, 2025, 12:00 AM | 2 min read
തിരുവനന്തപുരം: പരമ്പരാഗതമായി അടഞ്ഞ ഇടങ്ങളായി കരുതപ്പെട്ടിരുന്ന സംസ്ഥാനത്തെ ജയിലുകളെ ക്രിയാത്മകമാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത്. ജയിലുകൾ കുറ്റകൃത്യങ്ങൾ ചെയ്തവരെ പാർപ്പിക്കുന്ന തടങ്കൽ പാളയങ്ങളല്ല. തടവുകാരുടെ സംശുദ്ധീകരണവും സന്മാർഗീകരണവുമാണ് ഇവിടെ നടക്കുന്നത്. അന്തേവാസികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും അവരുടെ മാനസിക പരിവർത്തനം, പുനരധിവാസം എന്നിവയ്ക്ക് സഹായം നൽകുന്നതിനുമായി രൂപീകരിച്ച മുഖ്യമന്ത്രി അധ്യക്ഷനായ ജയിൽ ഉപദേശക സമിതി രാജ്യത്തിന് തന്നെ മാതൃകയാണ്. ശിക്ഷാകാലാവധിക്കുശേഷം അവർക്ക് നല്ല ജീവിതം ഉറപ്പുവരുത്തുന്നതിനായുള്ള തൊഴിൽപരിശീലനങ്ങളും വിവിധ വിദ്യാഭ്യാസ പരിപാടികളും നടപ്പാക്കി.
ഭക്ഷണ നിർമാണ യൂണിറ്റുകൾക്ക് പുറമെ പെട്രോൾ പമ്പ്, ഫാഷൻ ഡിസൈനിങ് യൂണിറ്റ്, ബ്യൂട്ടി പാർലർ, വീവിങ് ആൻഡ് ടെയിലറിങ്, കല്ലുവെട്ട് യൂണിറ്റ്, ജൈവ പച്ചക്കറി കൃഷി, റബർ, കശുമാവ് പ്ലാന്റേഷൻ, പശു, ആട്, കോഴി, മുയൽ ഫാമുകൾ, വനിതാ അന്തേവാസികൾക്കായി സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റ് തുടങ്ങിയവയും സ്ഥാപിച്ചു.
സംസ്ഥാനത്ത് ആകെയുള്ള 57 ജയിലുകളിൽ 53 ഇടത്ത് വീഡിയോ കോൺഫറൻസിങ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിലുകളിലും കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലും ഈ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ സെൻട്രൽ ജയിൽ, കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ, വനിതകൾക്കായി ആദ്യ തുറന്ന ജയിൽ, അതീവ സുരക്ഷാ (ഹൈ സെക്യൂരിറ്റി) ജയിൽ, ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനായി ‘സിക്ക’യുടെ രണ്ട് മേഖലാ കേന്ദ്രങ്ങൾ, 21 ജില്ലാ, സ്പെഷ്യൽ ജയിലുകൾ.
തടവുകാർക്കുള്ള ഭക്ഷണ മെനു പരിഷ്കരണം എന്നിവയെല്ലാം നടപ്പിലാക്കിയത് വിവിധ എൽഡിഎഫ് സർക്കാരുകളുടെ കാലത്താണ്. ഇതൊക്കെ മറച്ചുവച്ച് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനെ താറടിച്ചു കാട്ടാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജയിൽ വകുപ്പിന് ഈ വർഷം ബജറ്റ് വിഹിതത്തിൽ 11.50 കോടി രൂപയുടെ വർധന വരുത്തി.
വിവിധ ജയിലുകളുടെയും കറക്ഷൻ ഹോമുകളുടെയും നിർമാണത്തിനും നവീകരണത്തിനുമായി 20 കോടി രൂപയാണ് വകയിരുത്തിയത്. പാലാ, മീനച്ചൽ സബ് ജയിലിനുള്ള പുതിയ കെട്ടിട നിർമാണവും ഉൾപ്പെടുന്നു. തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിലൂടെയും മറ്റ് ക്ഷേമപ്രവർത്തനങ്ങളിലൂടെയും തടവുകാരുടെ പുനരധിവാസം ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾക്കായി 15 കോടി യാണ് അനുവദിച്ചത്.









0 comments