print edition ജനം ഓർക്കുന്നു; ആ പ്രളയകാലവും സർക്കാർ ഇടപെടലും

സ്വന്തം ലേഖകൻ
Published on Aug 03, 2026, 01:30 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുമ്പോൾ ജനങ്ങൾ ഓർക്കുന്നത് 2018ലെയും 2019ലെയും പ്രളയകാലമാണ്. അന്ന് എൽഡിഎഫ് സർക്കാർ നാടിനെ ചേർത്തുപിടിക്കുകയായിരുന്നു. ഇന്ന് നാട് ദുരിതത്തിലേക്ക് കൂപ്പുകുത്തുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ ഹെലികോപ്‌റ്റർ യാത്രയും വിരുന്നും ജ്വല്ലറി ഉദ്‌ഘാടനവുമൊക്കെയായി ‘ഹാപ്പി’ മൂഡിലാണ്.
മുഖ്യമന്ത്രിയുടെ ദുരിതബാധിതരോടുള്ള സമീപനത്തിനെതിരായ ജനവികാരം സമൂഹമാധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയും പുറത്തുവരുന്നുണ്ട്.
സമാനതകളില്ലാത്ത രണ്ട് പ്രളയകാലത്ത് കേരളത്തെ നയിച്ച പിണറായി വിജയൻ എല്ലാ പരിപാടികളും റദ്ദാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു. ഓരോ മിനിട്ടിലെയും കാര്യങ്ങൾ കണ്ടറിഞ്ഞ് ആവശ്യമായ ഇടപെടലും നിർദേശവും നൽകി. മന്ത്രിമാർ പൂർണമായും ദുരന്തമേഖലകളിലെ പ്രവർത്തനങ്ങളെ ഏകോപിച്ചപ്പോൾ സംസ്ഥാനതലത്തിൽ ഏകോപനച്ചുമതല അദ്ദേഹം നിർവഹിച്ചു. ദിവസവും വൈകിട്ട് മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ആത്മധൈര്യം പകർന്നു. നാടാകെ ഒന്നിച്ചിറങ്ങിയ രക്ഷാപ്രവർത്തനത്തിന്റെ കേരളമാതൃക തീർത്തു.
ഇപ്പോഴത്തെ അരക്ഷിതാവസ്ഥയിൽ ജനങ്ങൾ അതോർക്കുന്നു.
ദുരന്തമുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ട സർക്കാർ തുടർപ്രവർത്തനങ്ങളിലും വീഴ്‌ച വരുത്തുന്നു. ഏകോപനത്തിന് മുഖ്യമന്ത്രി തലസ്ഥാനത്തില്ല. മഴക്കെടുതിയിൽ ജനം വലയുമ്പോൾ ശനിയാഴ്ച പൊന്നാനിയിലെ വിരുന്നിൽ പങ്കെടുത്ത അദ്ദേഹം ഞായറാഴ്‌ച കൊച്ചിയിലെ ജ്വല്ലറി ഉദ്‌ഘാടനം ചെയ്യാൻ പോയി. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി അതിലും യു ടേൺ അടിച്ചു.










0 comments