print edition ആക്രമണങ്ങൾക്ക് കീഴ്‌പ്പെടില്ല: ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം: ഒരു കാരണവശാലും ആക്രമണങ്ങൾക്ക് കീഴ്‌പ്പെടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം വിവിധ പ്രദേശങ്ങളിൽ എൽഡിഎഫ് പ്രവർത്തകർക്കുനേരെ ബിജെപി, യുഡിഎഫ് ആക്രമണം ഉണ്ടായിട്ടുണ്ട്. പാലക്കാട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ യുഡിഎഫുകാർക്കൊപ്പം പൊലീസും കയറി ആക്രമിച്ചു. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.
തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ ബിജെപി ജയിക്കുന്നതിന് സഹായമായ നിലപാടാണ് കോൺഗ്രസും യുഡിഎഫും സ്വീകരിച്ചത്. ഇക്കാര്യം വിശദമായി പരിശോധിക്കും. കേരളത്തിൽ വർഗീയ ചേരിതിരിവിനുള്ള ശ്രമം അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്ന് എൽഡിഎഫ് വിലിയിരുത്തിയിട്ടില്ല.
എന്നാൽ, വർഗീയ നിലപാട് ഉയർത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. യുഡിഎഫിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്ന് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടന്നു. യുഡിഎഫ്– ബിജെപി ഡീൽ ഉണ്ടായി എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
പ്രതിപക്ഷ നേതാവ് ആരെന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. സിപിഐ എമ്മാണ് അക്കാര്യം തീരുമാനിക്കുക. ഭരണവിരുദ്ധ വികാരം ഉണ്ടായി എന്നു പറയുന്നവർ, സർക്കാർ സ്വീകരിച്ച ഏതു നടപടിയാണ് തെറ്റ് എന്ന് പറയണം. പാർടി വിട്ടുപോയവർ തെറ്റു തിരുത്തിയാൽ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.










0 comments