ആനക്കര പഞ്ചായത്ത് ഭരണം പിടിച്ച് എൽഡിഎഫ്; എം വി ജസീന പ്രസിഡന്റ്

പാലക്കാട്: ആനക്കര പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചു. സിപിഐ എം അംഗമായ എം വി ജസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസും ബിജെപിയും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് തകർത്താണ് എൽഡിഎഫ് വിജയം. 17 അംഗ ഭരണസമിതിയിൽ സിപിഐ എം ഏഴ്, കോൺഗ്രസ് ആറ്, മുസ്ലിംലീഗ് മൂന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേയത്തിൽ മുസ്‌ലിം ലീഗിലെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ എൽഡിഎഫ് സ്ഥാനാർഥി പ്രസിഡന്റായി ജയിക്കുകയായിരുന്നു.
നേരത്തെ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ആനക്കര പഞ്ചായത്തിലെ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും അംഗങ്ങൾ വിട്ടുനിന്നതോടെ മാറ്റിവച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പഞ്ചായത്ത് ഓഫീസിൽ നടപടികൾ ആരംഭിച്ചെങ്കിലും ഇരു പാർടികളുടെയും അംഗങ്ങൾ പങ്കെടുക്കാതിരുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്താനാകാതെ വന്നത്.
പഞ്ചായത്തിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപി അംഗവുംചേർന്നുള്ള കൂട്ടുകെട്ട് വഴി നിയമനം നടത്തിയിരുന്നു. ഇതിനെതിരെ ഭരണകക്ഷിയിലുള്ള മുസ്ലിംലീഗ് രംഗത്ത് വന്നിരുന്നു. നിയമന വിഷയത്തിൽ മുസ്ലിംലീഗ് വിട്ടുനിൽക്കുകയും കോൺഗ്രസിനെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് നിയമനം നടന്നത്. കോൺഗ്രസ് ബിജെപിയുമായി കൈകോർത്ത് പഞ്ചായത്തിൽ ഭരണം നടത്തുന്നതിൽ ഘടകകക്ഷിയായ മുസ്ലിംലീഗുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും ലീഗും കോൺഗ്രസും രണ്ട് തട്ടിലാകുകയും ചെയ്തിരുന്നു.








0 comments