വിഇഎച്ച് കരാർ: നടന്നത് തിടുക്കമിട്ട ഫയൽ നീക്കം; അടിമുടി ദുരൂഹത

തിരുവനന്തപുരം: രാജ്യത്ത് വൈദ്യുതി വാങ്ങുന്നതിന് നിയമമുണ്ടായിരിക്കെ, വിഇഎച്ച് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ യുഡിഎഫ് സർക്കാർ നടത്തിയത് തിടുക്കമിട്ട ഫയൽ നീക്കം. കേവലം മൂന്ന് ദിവസം കൊണ്ടാണ് ഫയൽ നീങ്ങി സര്‍ക്കാർ ഉത്തരവായത്.
വൈദ്യുതി ക്ഷാമം ചൂണ്ടിക്കാട്ടി കെഎസ്ഇബി സെപ്തംബർ 19നാണ് സർക്കാരിന് കത്ത് നൽകിയത്. തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, അന്നത്തെ കെഎസ്ഇബി സിഎംഡി എം ജി രാജമാണിക്യം എന്നിവരുടെ തലങ്ങളിലൂടെ അതിവേഗം ഫയൽ നീങ്ങി. സെപ്റ്റംബർ 22ന് റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ ഉത്തരവിറങ്ങുകയും ചെയ്തു.
കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്നു മുതൽ നാലുരൂപ വരെമാത്രം ഉള്ളപ്പോഴാണ് 11 രൂപയുടെ കരാറിന് സർക്കാർ ഉത്തരവിട്ടത്. വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമീഷൻ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ. എന്നാൽ വിഇഎച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. ഇതോടെ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.








0 comments