Deshabhimani

'ഇ20 ഇന്ധനത്തെ വിമർശിക്കുന്നവർ പൊട്ടന്മാർ’; അധിക്ഷേപിച്ച് സുരേഷ് ​ഗോപി

Suresh Gopi
വെബ് ഡെസ്ക്

Published on Nov 17, 2026, 04:21 PM | 1 min read

തൃശൂർ: ഇ-20 ഇന്ധനത്തിനെതിരെ വിമർശം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി. സയൻസ് അറിയാത്ത പൊട്ടന്മാരാണ് പ്രതിഷേധിക്കുന്നതെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. എഥനോൾ കലർത്തിയ ഇന്ധനം വാഹന എഞ്ചിനുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം.


'ഇ20യെക്കുറിച്ച് ദുഷിച്ച രാഷ്ട്രീയ ശക്തികളാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഈ പൊട്ടന്മാർക്ക് ഇതിന്റെ സയൻസ് അറിയില്ല. പെട്രോളിലെ എഥനോൾ 20 ശതമാനം കടക്കുന്ന അവസ്ഥ ഇന്ത്യയിൽ വരില്ല, ചില മഹാന്മാരൊക്കെ വലിയ കന്നാസിൽ കൊണ്ടുപോയി മിക്‌‌സ് ചെയ്തിട്ടാണോ സാമ്പിളെടുത്തതെന്ന് അറിയില്ല. ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് ഇതുവരെ രജിസ്റ്റേർഡ് പരാതികളൊന്നും ലഭിച്ചിട്ടില്ല'- എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.


അതേസമയം അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തി പെട്രോൾ വിൽക്കുന്നെന്ന പരാതിയിൽ സംസ്ഥാനത്തെ പമ്പുകളിൽ പരിശോധന നടന്നു വരികയാണ്. വാഹനങ്ങൾക്ക്‌ എൻജിൻ തകരാർ, ഇന്ധനക്ഷമത കുറയൽ, റബർ പാർട്‌സുകൾക്ക് കേടുപാട്‌ എന്നിവ ഉണ്ടാകുന്നതായി പരാതി ഉയർന്നതോടെയാണ്‌ സിവിൽ സപ്ലെെസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്‌. കർണാടകയിൽ അനുവദനീയമായ 20 ശതമാനത്തിന് പകരം 31.2ശതമാനം വരെ എഥനോൾ കലർത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home