Deshabhimani

സർക്കാരിന്റെ വൈദ്യുതി കരാറുകളിൽ വൻ അഴിമതി, ജുഡീഷ്യൽ അന്വേഷണം വേണം: സിപിഐ എം

CPI M
വെബ് ഡെസ്ക്

Published on Nov 17, 2026, 04:01 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. വിഇഎച്ച്‌ ഗ്ലോബൽ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലിൽ നിന്ന്‌ 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ്‌ പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നതെന്ന് സിപിഐ എം പറഞ്ഞു.


കാറ്റാടിയിൽ നിന്നുള്ള വൈദ്യുതിയാണ്‌ വിഇഎച്ച്‌ ഗ്ലോബൽ ഇന്ത്യയിൽ നിന്ന്‌ യൂണിറ്റിന്‌ 11 രൂപ നിരക്കിൽ വാങ്ങിയത്‌. കാറ്റാടിയിൽ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്‌. എന്നാൽ ഇരട്ടിയിലധികം തുക നൽകിയാണ്‌ വിഇഎച്ചിൽ നിന്ന്‌ വൈദ്യുതി വാങ്ങിയത്‌.


ഹിമാചലിൽ നിന്നുള്ള വൈദ്യുതിയാവട്ടെ എനർജി എക്‌സ്‌ചേഞ്ചിലെ നിരക്കിനേക്കാൾ ഏറ്റവും കൂടിയ നിരക്കാണ്. ഒക്‌ടോബർ മാസം കെഎസ്‌ഇബി 282 കോടി രൂപയുടെ വൈദ്യുതിയാണ്‌ കരാർ പ്രകാരം വാങ്ങിയത്‌. യുഡിഎഫ്‌ സർക്കാരിനെ പലപ്പോഴും ന്യായീകരിക്കുന്ന മാധ്യമങ്ങൾപോലും ഈ രണ്ട്‌ കരാറുകളും സർക്കാരിന്‌ കോടികളുടെ നഷ്‌ടമുണ്ടാക്കിയെന്ന് റിപ്പോർട് ചെയ്തു.


ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ നിയമ ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ ഫയലിന്മേൽ അതിവേഗം മുഖ്യമന്ത്രി നേരിട്ടാണ്‌ ഉത്തരവ്‌ നൽകുന്നത്‌. വിവിധ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശംവച്ചത്‌ അഴിമതി നടത്താനാണെന്ന്‌ നേരത്തെ സംശയം ഉയർന്നുവന്നിരുന്നു. അത്‌ ശരിയാണെന്ന്‌ തെളിഞ്ഞു. സർക്കാർ അധികാരത്തിലെത്തിയിട്ട്‌ ആറുമാസം തികയുന്നതിന്‌ മുമ്പുതന്നെ ഗുരുതരമായ അഴിമതി ആരോപണമാണ്‌ ഉയർന്നുവന്നിരിക്കുന്നത്‌.


ജിഎൻഎ കമ്പനിയുമായി കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും പിന്നെ എന്ത്‌ അഴിമതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ ഒക്‌ടോബറിലെ രണ്ട്‌ വൈദ്യുതി കരാറുകൾ പ്രകാരം വൈദ്യുതി കൂടിയവിലക്ക്‌ വാങ്ങാൻ നേതൃത്വം നൽകിയത്‌ മുഖ്യമന്ത്രിയാണ്‌. സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ അറിയിക്കുകയും കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കുകയും വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home