ചികിത്സാപിഴവിൽ കാൽ നഷ്ടപ്പെട്ട ജബ്ബാറിന്റെ സമരം 2-ാംദിവസത്തിലേയ്ക്ക്; മുഖംതിരിച്ച് സർക്കാർ

പറവൂര്‍ താലൂക്ക് ആശുപത്രിക്കു മുന്‍പില്‍ സമരം ചെയ്യുന്ന അബ്ദുള്‍ ജബ്ബാര്‍
പറവൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ ഗവ. താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവിനെത്തുടർന്ന് വലതുകാൽ മുറിച്ചു മാറ്റേണ്ടിവന്ന അബ്‌ദുൾ ജബ്ബാറിന്റെ സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. കാൽ മുറിച്ച ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ മെഡിക്കൽ വിജിലൻസ് തന്റെ ഭാഗം അടിയന്തിരമായി കേൾക്കുക. വ്യാജ സൈബർ അധിക്ഷേപം സംബന്ധിച്ച പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജബ്ബാർ മുൻപോട്ടുവെയ്ക്കുന്നത്.
ജൂലൈ 26ന് രാത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർക്കെതിരെയാണ് പരാതി. ചികിത്സാരേഖകൾ ആവശ്യപ്പെട്ട് ആശുപത്രിയിൽ നൽകിയ വിവരാവകാശ അപേക്ഷയ്‌ക്ക് 40 ദിവസമായിട്ടും മറുപടി കിട്ടിയില്ലെന്നും ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം മൊഴിയെടുത്തില്ലെന്നും അബ്‌ദുൾ ജബ്ബാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായിട്ടു പോലും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രി കെ മുരളീധരനോ ഇതുവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. സമരത്തിൽ നിന്നും പിന്തിരിയാൻ തനിക്കു മേൽ സമ്മർദവും ഭീഷണികളുമുണ്ടെന്നും ജബ്ബാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ സൂപ്രണ്ടിനെ മാറ്റി നിർത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുൻപിലേയ്ക്ക് സമരം മാറ്റുമെന്നും ജബ്ബാർ വ്യക്തമാക്കി.
ജൂലൈ 26ന് രാത്രി വലതുകാലിന്റെ പാദത്തിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്ദുൾ ജബ്ബാർ ആശുപത്രിയിലേയ്ക്കെത്തിയത്. രോഗം കൃത്യമായി കണ്ടെത്താനോ മറ്റൊരു ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. കാലിനുണ്ടായ സ്ട്രോക്ക് തിരിച്ചറിയാതെ വേദനസംഹാരികൾ കുത്തിവയ്ക്കുകയും ഗുളികകൾ നൽകുകയും ചെയ്തു. തുടർന്നും വേദന അനുഭവപ്പെട്ടതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ജബ്ബാറിന്റെ വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു.
വിശ്രമത്തിനു ശേഷമാണ് ജബ്ബാർ തന്റെ പോരാട്ടത്തിനിറങ്ങിയത്. രണ്ടരമാസം മുൻപ് ജബ്ബാർ ആശുപത്രി സൂപ്രണ്ടിനെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമാണെന്നും വേണ്ട സഹായങ്ങൾ നൽകാമെന്നും വീഴ്ചകൾ ഏറ്റുപറഞ്ഞ് അനുനയിപ്പിക്കാനുള്ള ശ്രമമാണ് സൂപ്രണ്ട് ആഷ കെ ജോണിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് ജബ്ബാർ പറഞ്ഞു.








0 comments