print edition നിലനിൽക്കാനും കുതിക്കാനും ഇൗ പോരാട്ടം: എൽഡിഎഫ്

തിരുവനന്തപുരം: കേരളത്തെ കൂടുതൽ ശക്തമായി നിലനിർത്താനും നവകേരള സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞ് വോട്ടവകാശം വിനിയോഗിക്കാൻ എൽഡിഎഫ് ആഹ്വാനംചെയ്‌തു. വ്യാജ പ്രചാരണത്തിലും വർഗീയ താൽപര്യത്തോടെയുള്ള ഇടപെടലിലും വീണുപോകരുതെന്നും കൺവീനർ ടി പി രാമകൃഷ്ണൻ വോട്ടർമാരോട് അഭ്യർഥിച്ചു.
കൂടുതൽ സീറ്റുമായി എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് സംസ്ഥാനത്താകെയുള്ള വികാരം. സർക്കാരിനെതിരെ എന്തെങ്കിലും പറയാൻ കഴിയാത്തവിധം പ്രതിസന്ധിയിലാണ് യുഡിഎഫ്. പരാജയഭീതിയിലാണ് മുസ്ലീംലീഗിന്റെയുൾപ്പെടെ വ്യാജപ്രചാരണം.
ആർഎസ്എസ് നയിക്കുന്ന കേന്ദ്രസർക്കാരിനെതിരെ തലയുയർത്തിനിന്ന് പോരാടിയ സർക്കാരാണിത്. മുസ്ലിങ്ങളെ വേട്ടയാടുന്നതിനെതിരേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവസമൂഹത്തെ കൂട്ടത്തോടെ ആക്രമിച്ചപ്പോഴും എൽഡിഎഫ് സർക്കാരിന്റെ ശബ്ദമുയർന്നു.
ബിജെപിക്ക് രാജ്യസഭയിൽ എംപിമാരെ സംഭാവനചെയ്ത് മോദിക്ക് പാദസേവ ചെയ്യുന്നവരാണ് എൽഡിഎഫിനെതിരെ ഡീൽ ആരോപിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മടിയിൽക്കിടന്നാണ് എസ്ഡിപിഐ ബന്ധം ആരോപിക്കുന്നത്. നേമവും തൃശൂരും മറ്റത്തൂരും തിരുവനന്തപുരം കോർപറേഷനും യുഡിഎഫിന്റെ സംഘപരിവാർ ഡീൽ വിളിച്ചുപറയുന്നുണ്ട്.
ഏതെങ്കിലും വർഗീയസംഘടനയുമായി ഒളിഞ്ഞോ തെളിഞ്ഞോ എൽഡിഎഫിന് ബന്ധമില്ല. എന്നാൽ, ആർഎസ്എസിനെതിരായ പോരാട്ടം നയിക്കാനും കേരളത്തിന്റെ സമഗ്രവികസനത്തിനും ഈ സർക്കാർ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരാളുടേയും വോട്ട് വേണ്ടെന്ന് വയ്ക്കുകയുമില്ല.
നാടിനെ ഇരുട്ടിലും കലാപത്തിലുമാഴ്‌ത്തിയ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ ആരും ആഗ്രഹിക്കില്ല. ക്ഷേമപെൻഷനും റേഷനും മരുന്നും പാഠപുസ്തകവും ഇല്ലാതാക്കുന്ന യുഡിഎഫ് കാലം ഇനി വേണ്ട. –പ്രസ്‌താവനയിൽ പറഞ്ഞു.










0 comments