print edition ആരോഗ്യവകുപ്പിലെ വീഴ്ച: ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വീഴ്ചകളിൽ ഡോക്ടർ ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ. ആരോഗ്യമന്ത്രി കെ മുരളീധരനാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവത്തിൽ ഡോ. അഭിജിത്തിനെയും കണ്ണാശുപത്രിയിൽ നാലുമാസം പ്രായമുള്ള കുട്ടിക്ക് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റ് രേഖയെയുമാണ് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽനിന്ന് രോഗി വീണുമരിച്ചെന്ന സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസമാണ് ലഭിച്ചത്. തലയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടിലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രോഗിയുടെ ശരീരത്തിൽ സിറിഞ്ച് കുടുങ്ങിയെന്ന സംഭവത്തിൽ ആദ്യം ലഭിച്ച അന്വേഷണ റിപ്പോർട്ട് തള്ളി. പുതിയ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments