print edition ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്‌തു: മുനമ്പത്ത് വീണ്ടും ആശങ്ക

സ്വന്തംലേഖകൻ
Published on May 25, 2026, 12:55 AM | 1 min read
കൊച്ചി: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം മുനന്പത്തെ ഭൂമി വഖഫ് സ്വത്താക്കി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌തത് വീണ്ടും ആശങ്ക ഉയർത്തുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മുനന്പം വഖഫ് ഭൂമി വിഷയം 10 മിനുട്ടുകൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ വി ഡി സതീശനടക്കം ഇക്കാര്യത്തിൽ ഇതുവരെ മിണ്ടിയിട്ടില്ല.
വഖഫ് സ്വത്തുക്കൾ ഉമീദ് സെൻട്രൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര വഖഫ് ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മുനന്പത്തെ 404.76 ഏക്കർ സ്ഥലം വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്‌തത്. നിലവിൽ വിഷയം സുപ്രീംകോടതിയുടെയും വഖഫ് ട്രിബ്യൂണലിന്റെയും പരിഗണനയിലാണ്. വഖഫ് തർക്കത്തിന്റെ പേരിൽ മുനന്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്ന നിലപാടാണ് മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായരെ ജുഡീഷ്യൽ കമീഷനായി നിയമിച്ച് ഭൂമിയിൽ മുനന്പത്തുകാർക്കുള്ള അവകാശം ഉറപ്പിച്ചു. കമീഷന്റെ ആധികാരികത ഹൈക്കോടതി സിംഗിൾബെഞ്ച് ചോദ്യംചെയ്‌തു.
സർക്കാർ സമർപ്പിച്ച അപ്പീലിൽ മുനന്പത്തേത് വഖഫ് ഭൂമിയല്ലെന്ന സുപ്രധാന വിധി കഴിഞ്ഞ ഒക്‌ടോബർ 10ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായി. ഇതോടെ കരമടയ്‌ക്കാൻ ഉത്തരവ് നൽകി. പോക്കുവരവിനുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്‌തു. ഇതിനിടയിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീർപ്പിനെതിരെ വഖഫ് സംരക്ഷണവേദിയും വഖഫ് ബോർഡും സുപ്രീംകോടതിയെ സമീപിച്ചത്. പിന്നാലെ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. നടപടി നിയമവിരുദ്ധമാണെന്ന് മുനന്പം ഭൂസംരക്ഷണ സമിതി പ്രസ്‌താവനയിൽ പറഞ്ഞു.










0 comments