കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

pinarayi vijayan niyamasabha
വെബ് ഡെസ്ക്

Published on Mar 18, 2025, 01:01 PM | 2 min read

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെ വി സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


ഗൗരവമായ വിഷയമാണിത്. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണ്. മട്ടന്നൂർ നിയമസഭാംഗം കെ കെ ശൈലജയും നിരന്തരം ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയമാണിത്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കെഐഎഎല്ലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.


വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പ്പെട്ട 21.81 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്.കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും തുടര്‍നടപടി സ്വീകരിച്ചുവരികയുമാണ്.


വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം 4000 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിന് കീഴല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട 245.33 ഏക്കര്‍ ഭൂമി നോട്ടിഫൈ ചെയ്തിരുന്നു. റണ്‍വേ എക്സ്റ്റന്‍ഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടി രൂപയും ഉള്‍പ്പെടെ 900 കോടി രൂപയുടെ നിര്‍ദ്ദേശം കണ്ണൂര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ പരിശോധനയിലാണ് മുഖ്യമന്ത്രി പറഞ്ഞു.


കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജാണ് പദ്ധതി പ്രദേശത്തെ കെട്ടിടങ്ങളുടെയും നിര്‍മിതികളുടെയും മൂല്യനിര്‍ണയം നടത്തുന്നത്. 39 നിര്‍മ്മിതികളുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഇനത്തില്‍ 3,70,466 രൂപ അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. അവശേഷിക്കുന്ന 162 നിര്‍മിതികളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.


ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാല്‍ ഒരു പ്രത്യേക പാക്കേജ് ശിപാര്‍ശ ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


സുരക്ഷിതത്വം കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ കാറ്റഗറി 1 ലൈറ്റിംഗിനായി ഏറ്റെടുത്ത ഭൂമിയോട് അടുത്തു കിടക്കുന്ന 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ 4.32 കോടി രൂപ റിലീസ് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.


ഇതിന് പുറമെ 14 കുടുംബങ്ങളുടെ കൈവശ ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുന്നതിനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രശ്നം പരിഹരിക്കാൻ സമയബന്ധിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home