ആരോപണത്തിനുപിന്നാലെ ലാലിക്ക് സസ്‌പെൻഷൻ
print edition തൃശൂരിൽ മേയർപദവി വിറ്റു ; കോൺഗ്രസ് കൗൺസിലറുടെ വെളിപ്പെടുത്തൽ

തൃശൂർ
തൃശൂർ കോർപറേഷൻ മേയർസ്ഥാനം കോൺഗ്രസ് നേതൃത്വം പണം വാങ്ങി വിറ്റെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന കൗൺസിലർ. നാലുതവണ തെരഞ്ഞെടുക്കപ്പെട്ട ലാലി ജെയിംസാണ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, ദീപ ദാസ്‌മുൻഷി എന്നിവർക്കെതിരെ തുറന്നടിച്ചത്. മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനും ഭർത്താവും പണപ്പെട്ടിയുമായി കറങ്ങിനടക്കുകയായിരുന്നുവെന്ന് ലാലി പറഞ്ഞു.
‘‘പണമില്ലാത്തതിനാലാണ് ഞാൻ തഴയപ്പെട്ടത്. മൂന്നുദിവസംമുന്പ് ചില പ്രമുഖർ വിളിച്ചിരുന്നു. അട്ടിമറി സാധ്യതയുണ്ടെന്നുപറഞ്ഞു. ഒരിക്കലും പാർടി തന്നെ ചതിക്കില്ലെന്ന് അവർക്ക് മറുപടി നൽകി. വിധവയാണ്. പൊതുരംഗത്ത് ഏറെക്കാലമായി നിൽക്കുന്നു. എന്നോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു. കൗൺസിലർമാർ ഭൂരിപക്ഷവും എന്റെ പേരാണ് പറഞ്ഞത്. കൂട്ടായ തീരുമാനത്തെ അവഗണിച്ചു. ദീപ ദാസ്‌മുൻഷിക്കോ വേണുഗോപാലിനോ വാർഡുകളെക്കുറിച്ചോ കഷ്‌ടപ്പെട്ടവരെക്കുറിച്ചോ അറിയില്ല. എനിക്ക് അർഹതപ്പെട്ടതാണ് മേയർപദവിയെന്ന് ജനങ്ങൾക്കറിയാം. ഇനി മേയറാകാനും, സ്ഥിരംസമിതി അംഗമാകാനുമില്ല. അച്ചടക്ക നടപടിയെടുത്താൽ കൂടുതൽ വെളിപ്പെടുത്തും.
കോർപറേഷൻ കൗൺസിലിൽ കോൺഗ്രസിനെ നിയന്ത്രിച്ച രാജൻ പല്ലന്റെ സാന്പത്തിക ഇടപാടുകളടക്കം നേതാക്കളുടെ സങ്കുചിത താൽപ്പര്യങ്ങളെക്കുറിച്ച് തുറന്നുപറയും.' – ലാലി മുന്നറിയിപ്പ് നൽകി. ലാലിയുടെ ആരോപണം ജോസഫ് ടാജറ്റും നിജി ജസ്റ്റിനും നിഷേധിച്ചു. ഇതിനുപിന്നാലെ ലാലി ജെയിംസിനെ പാർടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പരസ്യ പ്രതികരണം തമാശയായി കാണുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കണ്ണൂരിൽ പ്രതികരിച്ചിരുന്നു.










0 comments