ad
Deshabhimani

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

108 ambulance
വെബ് ഡെസ്ക്

Published on May 16, 2025, 06:02 PM | 1 min read

കൊല്ലം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കൊല്ലാം പത്തനാപുരം മഞ്ചള്ളൂർ വാടകയ്ക്ക് താമസിക്കുന്ന 33 കാരിയാണ് ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.55ന് ആണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു.


കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ സ്ഥലത്തെത്തിയ ആംബുലൻസ് പൈലറ്റ് സിജോരാജും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിത ശ്രീജിത്തും ചേർന്ന് യുവതിയുമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് പിറവന്തൂർ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിത നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.


തുടർന്ന് 3.10ന് യുവതി ആംബുലൻസിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി. ഉടൻ നിത അമ്മയും കുഞ്ഞുമായുള്ള പൊക്കൽകോടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് സിജോരാജ് ആംബുലൻസുമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. 3.30ന് പുനലൂർ താലൂക്ക് ആശുപത്രി ലേബർ റൂമിൽ വച്ച് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിതയുടെയും ആശുപത്രി അധികൃതരുടെയും പരിചരണത്തിൽ യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.


പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കനിവ് 108 ആംബുലൻസിൽ തന്നെ മാറ്റി. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home