ad
Deshabhimani

'മാഡം സെഹർ' : ലോറൻസ് ബിഷ്ണോയ് സംഘത്തിലെ വനിത അറസ്റ്റിൽ

lady don lawrence bishnoi
വെബ് ഡെസ്ക്

Published on Feb 20, 2026, 01:21 PM | 1 min read

ന്യൂഡൽഹി : ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി മയക്കുമരുന്ന് കടത്താനായി പ്രവർത്തിച്ചിരുന്ന വനിത പിടിയിലായി. ബിഷ്‌ണോയി സംഘത്തിനുവേണ്ടി മയക്കുമരുന്ന് സിൻഡിക്കേറ്റ് കൈകാര്യം ചെയ്തിരുന്ന ഖുസ്‌നുമ അൻസാരി എന്ന നേഹയെയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ ബോബി കബൂത്തറിന്റെ ദീർഘകാല പങ്കാളിയാണ് നേഹ. ഇയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ സംഘങ്ങളുടെ പ്രാഥമിക ലോജിസ്റ്റിക്സ് കണ്ണിയായി പ്രവർത്തിച്ചിരുന്നയാളാണ് ബോബി കബൂതർ എന്ന് പൊലീസ് പറയുന്നു. ഐഎസ്‌ഐയുമായി ബന്ധമുള്ള നിയമവിരുദ്ധ ആയുധ ഇടപാടുകാരനായ സലിം പിസ്റ്റളിൽ നിന്നാണ് കബൂതർ എന്ന മഹ്ഫൂസ് തോക്കുകൾ വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.


സിദ്ധു മൂസ്വാല വെടിവയ്പ്പ്, നടി ദിഷ പട്ടാനിയുടെ വസതിക്ക് പുറത്ത് നടത്തിയ വെടിവയ്പ്പ്, ഡൽഹിയിലെ നാദിർ ഷാ കൊലപാതകം, സീലംപൂർ ഇരട്ട കൊലപാതകങ്ങൾ എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഈ ആയുധങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. സംഘാം​ഗങ്ങളായ ദീപയ്ക്കും സോയ ഖാനും (ഗുണ്ടാനേതാവ് ഹാഷിം ബാബയുടെ ഭാര്യ) ശേഷം അടുത്തിടെ അറസ്റ്റിലായ, സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട മൂന്നാമത്തെ "ലേഡി ഡോൺ" ആണ് നേഹ.


വടക്കുകിഴക്കൻ ഡൽഹിയിൽ നേഹ ബ്യൂട്ടി പാർലർ നടത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിനും മയക്കുമരുന്ന് വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതിനുമുള്ള ഇടമായിരുന്നു ബ്യൂട്ടി പാർലർ എന്ന് പൊലീസ് പറഞ്ഞു. നേഹയും കബൂതറും തമ്മിൽ ഏഴ് വർഷമായി മയക്കുമരുന്ന് ഇടപാടുകളുണ്ട്. മഹിപാൽപൂർ ഫ്ലൈഓവറിന് സമീപത്തുനിന്നാണ് നേഹയെ അറസ്റ്റ് ചെയ്തത്. വലിയ അളവിൽ മയക്കുമരുന്നും ഇവരിൽ നിന്ന് പിടികൂടി.


2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊല്ലപ്പെട്ടതിലും ബോബി കബൂത്തറിന് പങ്കുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. മൂസേവാലയുടെ യാത്രകൾ നിരീക്ഷിച്ചിരുന്നത് കബൂത്തറാണെന്നും ഈ വിവരങ്ങൾ കൊലയാളികൾക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home