Deshabhimani

തലസ്ഥാന യാത്ര ഏളുപ്പമാക്കുന്ന ജനശതാബ്ദി; ജനറൽ കോച്ചിനായി ആവശ്യം ശക്തം

jan shatabdi train
avatar
എം സനോജ്

Published on Sep 29, 2026, 04:47 PM | 2 min read

നിലമ്പൂർ : വടക്കൻ കേരളത്തിൽ നിന്ന് തലസ്ഥാനത്തേക്കുള്ള ദീർഘദൂര യാത്രയ്ക്ക് ആശ്രയിക്കുന്ന ജനശതാബ്ദി ട്രെയിനുകളിൽ അൺറിസർവ്ഡ് ജനറൽ കോച്ചില്ലാത്തത് സാധാരണ യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. 12075–12076 കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയിലും 12081–12082 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദിയിലും മുൻകൂർ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ ജനറൽ കോച്ചില്ല. ഇതോടെ അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കും റിസർവേഷൻ ലഭിക്കാത്തവർക്കും സമയലാഭം നൽകുന്ന ഈ സർവീസുകളെ ആശ്രയിക്കാനാകാത്ത സ്ഥിതിയാണ്.

​

400 മുതൽ 500 കിലോമീറ്റർ വരെ യാത്ര


കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി 12075 കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് രാത്രി 9.25ന് തിരുവനന്തപുരം സെൻട്രലിലെത്തും. 399 കിലോമീറ്റർ ദൂരം 7 മണിക്കൂർ 40 മിനിറ്റിലാണ് സർവീസ് പിന്നിടുന്നത്. തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, ചേർത്തല, ആലപ്പുഴ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക സർവീസായ 12076 തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 5.55ന് പുറപ്പെട്ട് ഉച്ചയോടെ കോഴിക്കോട്ടെത്തും. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി 12081 കണ്ണൂരിൽ നിന്ന് പുലർച്ചെ 4.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരം സെൻട്രലിലെത്തും. 502 കിലോമീറ്ററാണ് ദൂരം. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. മടക്ക സർവീസായ 12082 തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെട്ട് അർധരാത്രി 12.50ന് കണ്ണൂരിലെത്തും.

​

വേണം ജനറൽ കോച്ചുകൾ (അൺ റിസർവ്ഡ് കോച്ചുകൾ)


ചികിത്സയ്ക്കോ ജോലിക്കോ പഠനത്തിനോ അടിയന്തരമായി പോകേണ്ടിവരുന്നവർക്ക് എല്ലായ്പ്പോഴും റിസർവേഷൻ ലഭിക്കണമെന്നില്ല. മുൻകൂർ റിസർവേഷൻ ഇല്ലാതെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്ന ജനറൽ കോച്ചാണ് ഇത്തരക്കാരുടെ പ്രധാന ആശ്രയം. കുറഞ്ഞ നിരക്കിൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം സാധാരണക്കാർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. സാധാരണ ടിക്കറ്റുമായി റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്യാനാകാത്തതിനാൽ റിസർവേഷൻ ലഭിക്കാത്തവർക്ക് മറ്റ് ട്രെയിനുകളെ ആശ്രയിക്കേണ്ടിവരുന്നു. വടക്കൻ കേരളത്തിൽ നിന്ന് എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾ, ജീവനക്കാർ, രോഗികൾ തുടങ്ങിയവർക്കാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലാകുന്നത്.


രണ്ട് ജനശതാബ്ദി ട്രെയിനുകളിലും കുറഞ്ഞത് ഒരു അൺറിസർവ്ഡ് ജനറൽ കോച്ചെങ്കിലും ഉൾപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിലൂടെ റിസർവേഷൻ ലഭിക്കാത്തവർക്കും അടിയന്തര യാത്രക്കാർക്കും ജനശതാബ്ദിയുടെ സമയലാഭം പ്രയോജനപ്പെടുത്താനാകുമെന്നാണ് യാത്രക്കാരുടെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home