സമരപോരാട്ടങ്ങൾക്ക് തുടക്കം; ലഖിംപൂർ ഖേരി രക്തസാക്ഷി ദിനം മുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കിസാൻ മോർച്ച

ന്യൂഡൽഹി : കർഷക സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ലഖിംപൂർ ഖേരി രക്തസാക്ഷി ദിനമായ ഒക്ടോബർ 3 മുതൽ 23 വരെ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (SKM). നവംബർ 26 മുതൽ ആരംഭിക്കുന്ന കർഷക സമരത്തിന് മുന്നോടിയായാണ് മഹാപഞ്ചായത്തുകൾ. സമരത്തെ ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി ഗ്രാമങ്ങളെ കർഷക സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായും വിഭവശേഖരണ കേന്ദ്രങ്ങളായും വളർത്തുന്നത് സംബന്ധിച്ച് മഹാപഞ്ചായത്തുകളിൽ ചർച്ച ചെയ്യും. ഓരോ ഗ്രാമ മഹാപഞ്ചായത്തിലും പത്ത് സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ 2021 ഡിസംബർ 9ന് കർഷക സംഘടനകൾക്ക് നൽകിയ ഉറപ്പുകൾ നടപ്പാക്കുക, കർഷക സമരത്തിൽ മരിച്ച 736 പേരുടെ സ്മരണയ്ക്കായി ഡൽഹിയിലെ സിംഘു അതിർത്തിയിൽ സ്മാരകം നിർമിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കി പ്രോസിക്യൂട്ട് ചെയ്യുക എന്നീ മൂന്ന് പ്രമേയങ്ങൾ മഹാപഞ്ചായത്തുകളിൽ പാസാക്കുമെന്ന് എസ്കെഎം അറിയിച്ചു.
കർഷക- തൊഴിലാളി ഐക്യം ശക്തിപ്പെടുത്തി ദീർഘകാല സമരങ്ങൾക്ക് തയ്യാറാകാനും എസ്കെഎം ആഹ്വാനം ചെയ്തു. ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിനെ എതിർക്കുക, എല്ലാ വിളകൾക്കും C2+50 ശതമാനം നിരക്കിൽ നിയമപരമായ താങ്ങുവില ഉറപ്പാക്കുക, കടബാധ്യതയും കർഷക ആത്മഹത്യകളും അവസാനിപ്പിക്കാൻ സമഗ്രമായ വായ്പാ എഴുതിത്തള്ളൽ, ആത്മഹത്യ ചെയ്ത ഓരോ കർഷകന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം, നിർബന്ധിത ഭൂമി ഏറ്റെടുക്കലോ കോർപ്പറേറ്റ് അനുകൂല ഭൂമി സമാഹരണമോ പാടില്ല, 60 വയസിന് മുകളിലുള്ള കർഷകർക്കും തൊഴിലാളികൾക്കും പ്രതിമാസം 10,000 രൂപ പെൻഷൻ, വൈദ്യുതി സ്വകാര്യവൽക്കരണ ബില്ലും നാല് ലേബർ കോഡുകളും പിൻവലിക്കുക, പൊതുമേഖലയിൽ വിള-കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, എല്ലാ തൊഴിലാളികൾക്കും 42,000 രൂപ മിനിമം വേതനം പ്രഖ്യാപിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ 200 ദിവസം തൊഴിലും 700 രൂപ വേതനവും ഉറപ്പാക്കുക തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ്.
ഖനന-ധാതു (വികസനവും നിയന്ത്രണവും) നിയമം 2026, നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NCDC) നിയമം 2026 എന്നിവ റദ്ദാക്കുക, ഇന്ത്യയിലുടനീളം നെല്ല് സംഭരണത്തിന് സമഗ്രമായ നയം ഉറപ്പാക്കുക; ജീൻ-എഡിറ്റ് ചെയ്ത നെൽവിത്തുകൾ പുറത്തിറക്കുന്നത് നിരോധിക്കുക, രാത്രിയിൽ കംബൈൻ മെഷീനുകൾ ഉപയോഗിച്ചുള്ള നെല്ല് കൊയ്ത്ത് നിരോധിച്ചുകൊണ്ടുള്ള ഹരിയാന സർക്കാർ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളും എസ്കെഎം മുന്നോട്ടുവയ്ക്കുന്നു. ഭാവിയിലെ സമരപരിപാടികൾ നിശ്ചയിക്കാൻ ഒക്ടോബർ 12ന് ഹരിയാനയിലെ കർണാലിൽ എസ്കെഎം ദേശീയ കൗൺസിൽ-ജനറൽ ബോഡി യോഗം ചേരും.
2021 ഒക്ടോബർ 3ന്, അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് മൂന്ന് കർഷകർ കൊല്ലപ്പെട്ട ദിവസമാണ് ലഖിംപൂർ ഖേരി രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. ലവ്‌പ്രീത് സിംഗ് (20), ദൽജീത് സിംഗ് (35), നച്ചത്തർ സിംഗ് (60), ഗുർവിന്ദർ സിംഗ് (19) എന്നീ കർഷകരും സമരവാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന രത്തൻ കശ്യപ് എന്ന മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.







0 comments