Deshabhimani

മാധ്യമം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ളത് കോർപ്പറേറ്റ് നയം; തൊഴിലാളികൾക്കായി എല്ലാവരും ഒന്നിച്ച് നിൽക്കണം

Pinarayi .jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 05:58 PM | 1 min read

തിരുവനന്തപുരം: മാധ്യമം പത്രത്തിന്റെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് കോർപ്പറേറ്റ് നയമാണെന്നും ഇതിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സെക്രെട്ടറിയറ്റിന് മുന്നിലെ തൊഴിലാളികളുടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മാധ്യമത്തിലെ ജീവനക്കാർ ആവശ്യപ്പെടുന്നത് അവർക്ക് ന്യായമായി ലഭിക്കേണ്ട ശമ്പളം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാലമായി ഈ പ്രശ്നം തുടരുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം അന്നത്തെ സർക്കാർ ഇടപെട്ടത്. തൊഴിൽവകുപ്പ് മന്ത്രി ഉൾപ്പടെ ചർച്ച നടത്തി ജീവനക്കാരും മാനേജ്മെന്റും പരസ്പരം അംഗീകരിക്കുന്ന നിലയിലെത്തി.


അതിന്റെ ഭാഗമായി മാർച്ച് ഏപ്രിൽ മാസം ശമ്പളം നൽകി. അതിനുശേഷം വീണ്ടും ജീവനക്കാർ ശമ്പളമില്ലാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എട്ടുമാസത്തെ ശമ്പളം കുടിശ്ശികയായി കിടക്കുകയാണ്. ഇതിനു യാതൊരു ന്യായീകരണവുമില്ല. നിങ്ങളെല്ലാവരും പിരിഞ്ഞ് പൊക്കോ, കരാറടിസ്ഥാനത്തിൽ നിയമിച്ചോളാം എന്നതാണ് നിലപാട്.


കരാർ ജോലിക്കാർക്ക് മാത്രമാണ് ശമ്പളം കൃത്യമായി കിട്ടുന്നത്. സമ്മർദം ചെലുത്തി സ്ഥിരം ജീവനക്കാരെ രാജി വയ്പ്പിക്കുകയും കരാർ വ്യവസ്ഥ അംഗീകരിക്കുകയും ചെയ്യുന്ന രീതിയാണ് മാനേജ്‌മന്റ് പിന്തുടരുന്നത്. കേരളത്തിലെ കേന്ദ്ര സംസ്ഥാന ട്രേഡ് യൂണിയനുകൾ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.


നമ്മുടെ രാജ്യത്തെ സംഘടിത തൊഴിലാളി വർഗത്തിന് നേരെ അങ്ങേയറ്റം ഹീനമായ സമീപനമാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. എത്രയും വേഗം ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് വേണ്ടത്. മറ്റു സ്ഥാപനങ്ങളിലെ പോലെ മാധ്യമത്തിലെ ജീവനക്കാർക്കും സ്ഥിരം ജോലിയിൽ തുടരാൻ കഴിയണം.


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതിൽ ഇടപെടുകയും അത് ഫലം കാണുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ സർക്കാർ ഇടപെട്ട് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ആവശ്യം ഹനിച്ചുകൂടാ എന്ന് വിശ്വസിക്കുന്ന എല്ലാവരും ഇതിനെ പിന്തുണയ്ക്ക് രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home