Deshabhimani

കോടികളുടെ ഹെറോയിനും പണവും സ്വർണ്ണവും പിടിച്ചെടുത്തു: ഡൽഹിയിൽ 'ലഹരി റാണി'യും ബോഡിഗാർഡും പിടിയിൽ

DRUG PARVATI
വെബ് ഡെസ്ക്

Published on Sep 29, 2026, 05:40 PM | 1 min read

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് വൻകിട അന്തർസംസ്ഥാന ലഹരി മാഫിയ നടത്തിവന്ന 'ഡൽഹി ലഹരി റാണി' എന്നറിയപ്പെടുന്ന പാർവതിയും (42) ഇവരുടെ സഹായിയും ബോഡിഗാർഡുമായ വികാസ് കുമാറും (30) പൊലീസിന്റെ പിടിയിലായി. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിൽ നിന്ന് ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ആന്റി നർക്കോട്ടിക് സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.


സെപ്തംബർ 23ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഔട്ടർ നോർത്ത് ജില്ലയിലെ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് അന്വേഷണം നടത്തിയത്. കോളനിയിലെ വീടിന്റെ രണ്ടാം നിലയിൽ നടത്തിയ പരിശോധനയിൽ പാർവതിയും കൂടെയുണ്ടായിരുന്ന വികാസും പിടിയിലായതായി പൊലീസ് അറിയിച്ചു.


പാർവതിക്കെതിരെ എൻഡിപിഎസ്, എക്സൈസ് നിയമങ്ങൾ പ്രകാരം നേരത്തെ 12 കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. നരേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷന്റെ ‘ബാഡ് കാരക്ടർ ഹിസ്റ്ററി ഷീറ്റിലും’ ഇവരുടെ പേരുണ്ട്.


കേസുമായി ബന്ധപ്പെട്ട പരിശോധനകളിൽ ആകെ 1.204 കിലോഗ്രാം ഹെറോയിൻ, 64.62 ലക്ഷം രൂപ പണം, സ്വർണം, വെള്ളി ആഭരണങ്ങൾ, രണ്ട് കാറുകൾ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് 1.5 കോടി രൂപയിലധികം വിലമതിക്കുമെന്നാണ് പൊലീസ് കണക്കാക്കുന്നത്.

പാർവതിയുടെ വീട്ടിൽ നിന്ന് മാത്രം 56.69 ലക്ഷം രൂപ, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി, നാല് വസ്തുക്കളുടെ രജിസ്ട്രേഷൻ രേഖകൾ എന്നിവ കണ്ടെത്തി. മയക്കുമരുന്ന് കടത്തിയതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പാർവതി വീട് നിർമിക്കുകയായിരുന്നുവെന്നും പൊലീസ് പറ‍്ഞു. ഇവരുടെ കാറും പിടിച്ചെടുത്തു.


വികാസ് കുമാർ പാർവതിയുടെ ബോഡിഗാർഡായി പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home