Deshabhimani

സെബി ചെയര്‍പേഴ്സൺ മാധവി പുരി ബുച്ച് ആരോപണ നിഴലിലായ കേസ്

ഓഹരി തട്ടിപ്പ് കേസിൽ അദാനിക്ക് സെബിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് കൈ കഴുകി

sebi adani
വെബ് ഡെസ്ക്

Published on Sep 29, 2026, 05:32 PM | 2 min read

മുംബൈ: ഹിൻഡൻബര്‍ഗ് റിപ്പോര്‍ടുകളിലൂടെ പുറത്തു വന്ന ഓഹരി തട്ടിപ്പ് കേസുകളിൽ നിന്നും വിനോദ് അദാനിയെ കുറ്റ വിമുക്തനാക്കി സെബി തലയൂരി. വിദേശ ഫണ്ടുകൾ ഉപയോഗിച്ച് ഓഹരിവില പെരുപ്പിച്ച് കാണിച്ച് ക്രിത്രിമം കാണിച്ചു എന്നും ഇതുവഴി ഒഹരി പങ്കാളിത്ത നിയമം ലംഘിച്ചു എന്നുമുള്ള കേസ് തെളിയിക്കാനായില്ല എന്നാണ് വിശദീകരണം.


കേസിൽ സഹകരിച്ചില്ലെന്ന പേരിൽ നാസർ അലി ഷാബാൻ അഹ്‌ലി, ചാങ് ചുങ് ലിങ് എന്നിവര്‍ക്ക് 20 ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. അദാനി ഗ്രൂപ് ചെയര്‍മാൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഉൾപ്പെടെ 12 പേര്‍ക്കെതിരായ കേസാണ് സെബി പൂര്‍ണമായും ഒഴിവാക്കി നൽകിയത്. പലതവണ പാര്‍ലമെന്റിലും സുപ്രീം കോടതിയിലും എത്തിയ വിവാദ സംഭവമാണ് ഇത്.


സെബി അധ്യക്ഷ ആരോപണം നേരിട്ട കേസ്


അദാനി ഗ്രൂപ്പിനെതിരെ യു എസ് മാധ്യമ ഗവേഷണ സ്ഥാപനമായ ഹിൻഡൻബര്‍ഗ് റിസര്‍ച്ച് പുറത്തു കൊണ്ടുവന്ന വെട്ടിപ്പ് കേസാണ്. സെബിയിലെ ഉന്നതര്‍ തന്നെ ഇതിൽ വലിയ ആരോപണ നിഴലിലായി. സെബി ചെയര്‍പേഴ്സൺ മാധവി പുരി ബുച്ചിനും ഭര്‍ത്താവിനും വിനോദ് അദാനി ക്രത്രിമം നടത്താനായി ഉപയോഗിച്ചിരുന്ന അതേ വിദേശ ഷെൽ ഫണ്ടുകളിൽ സാമ്പത്തിക പങ്കാളിത്തമുള്ളതായി ഹിൻഡൻബര്‍ഗ് കണ്ടെത്തിയിരുന്നു. സെബി തലപ്പത്ത് ഇവര്‍ ഇരിക്കുമ്പോൾ അന്വേഷണം നീതിപൂര്‍വകമാവില്ല എന്ന നിലയ്ക്ക് പ്രതിഷേധങ്ങൾ ഉയര്‍ന്നു. എന്നാൽ ഇതെല്ലാം തള്ളി സ്ഥാനത്ത് തുടര്‍ന്നു.

sebi adani

അദാനി ഗ്രൂപ്പിനെതിരെ വിദേശ നിക്ഷേപ ലംഘനങ്ങൾ ഓഹരി വില തട്ടിപ്പ് കേസുകളിൽ എല്ലാം സെബി നിസംഗത പാലിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നീട്ടിക്കൊണ്ടു പോവുകയും ചെയ്തു. പ്രശ്നം പാര്‍ലമെന്റിൽ പ്രതിപക്ഷം ഉയര്‍ത്തി കാട്ടി. സ്വതന്ത്ര വിപണി നിയന്ത്രണ ഏജൻസി എന്ന ഔദ്യോഗിക നിലയിൽ നിന്നും സെബിയുടെ വിശ്വാസ്യതയെ തന്നെ ഇത് ചോദ്യ മുനകൾക്ക് മുന്നിലാക്കി. ഇതോടെ, അദാനി ഗ്രൂപ്പിനെതിരായ കേസ് കേവലം ഒരു കമ്പനിയുടെ ചട്ടലംഘനത്തെക്കുറിച്ചുള്ള അന്വേഷണം എന്ന നിലയിൽ നിന്നും മാറി. മറിച്ച്, രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക നിയന്ത്രണ സംവിധാനമായ സെബിയുടെയും അതിന്റെ തലപ്പത്തുള്ളവരുടെയും വിശ്വാസ്യതയെക്കൂടി നേരിട്ട് ബാധിച്ച ഒന്നായി.


നിയമത്തിലെ പഴുത് ഉപയോഗിച്ച് പുറത്തു ചാടി

തെളിവുകൾ അലിയിച്ചു


കേസിനിടയിൽ തന്നെ ഗൗതം അദാനിയും ഇടനില ആരോപിക്കപ്പെട്ട നാല് ഗ്രൂപ്പ് കമ്പനികളും 13 ഡയറക്ടര്‍മാരും കുറ്റം സമ്മതിക്കാതെ തന്നെ 1.4 കോടി രൂപ അടച്ച് ഒത്തു തീര്‍പ്പ് ഉണ്ടാക്കിയിരുന്നു. സെറ്റിൽമെന്റ് റെഗുലേഷൻസ്' (Settlement Regulations) എന്ന വ്യവസ്ഥയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.


ആരോപണവിധേയരായ വ്യക്തികൾക്കോ കമ്പനികൾക്കോ "കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ" (Without Admission or Denial of Guilt) നിശ്ചിത തുക അടച്ച് നിയമ നടപടികൾ മറികടക്കാനുള്ള സൗകര്യമാണിത്. കമ്പനികൾ ഇതുവഴി കേസിൽ നൊട്ടീസ് ലഭിച്ചപ്പോൾ തന്നെ ഒത്തു തീര്‍പ്പ് കാണിച്ച് ക്ലോഷര്‍ അപേക്ഷ നൽകി പുറത്തു ചാടി. വിനോദ് അദാനിക്കെതിരായ കണ്ടെത്തൽ ഈ കമ്പനികളിലെ നിക്ഷേപ ഫണ്ടുകളുടെ മാനേജ്‌മെന്റ് പോളിസികളെയും തീരുമാനങ്ങളെയും തങ്ങൾക്ക് അനുകൂലമായി നിയന്ത്രിച്ചു എന്നും ഇതുവഴി ഓഹരി നിക്ഷേപകരെ വഞ്ചിച്ചു എന്നുമായിരുന്നു. കമ്പനികൾ തമ്മിലെ പ്രശ്നം തന്നെ ഒത്തുതീര്‍പ്പായതോടെ കേസ് തെളിവില്ലാത്ത സാഹചര്യത്തിൽ എത്തിച്ചു. സെബി ചെയര്‍പേഴ്സൺ മാധവി പുരി ബുച്ചിനും ഭര്‍ത്താവിനും ഈ ഷെൽ കമ്പനികളിലെ നിക്ഷേപം ഉള്ളതായുള്ള വാര്‍ത്തിയിലെ ധാര്‍മിക പ്രശ്നവും കേസും ഇതോടെ മറവിലായി.


ഹിൻഡൻബര്‍ഗ് പുറത്തുവിട്ട ഭൂതം


ഹിൻഡൻബർഗ് റിസർച്ച് എന്ന യുഎസ് ആസ്ഥാനമായുള്ള ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനം 2023 ജനുവരി 24-നാണ് വാര്‍ത്ത പുറത്തെത്തിച്ചത്. ലോകത്തിലെ മൂന്നാമത്തെ സമ്പന്നൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തുന്നത് എങ്ങനെ" എന്ന തലക്കെട്ടിൽ ആയിരുന്നി ഇത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന്റെ ഫലമായിരുന്നു.


ഈ റിപ്പോർട്ടിലാണ് വിനോദ് അദാനി മൊറീഷ്യസ്, യുഎഇ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ 'ടാക്സ് ഹേവനുകളിൽ' നിരവധി ഷെൽ കമ്പനികൾ രൂപീകരിച്ച് വലിയ തോതിൽ കള്ളപ്പണം നിക്ഷേപിച്ചതായി പുറത്തെത്തിയത്. കടലാസ് കമ്പനികൾ വഴി സ്വന്തം കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകളിൽ കൃത്രിമം കാണിച്ചു.

റിപ്പോർട്ട് വന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിൽ ശതകോടികളുടെ ഇടിവുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home