പണം അനുവദിച്ചില്ല; ആലപ്പുഴ മെഡിക്കൽ കോളേജിൽ ട്രോമ കെയർ സംവിധാനം പാതിവഴിയിൽ


സ്വന്തം ലേഖകൻ
Published on Oct 18, 2026, 09:08 AM | 1 min read
വണ്ടാനം : യുഡിഎഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ട്രോമ കെയർ ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാനായില്ല. വാഹനാപകടങ്ങളിൽ ഉൾപ്പടെ പരിക്കേറ്റ് എത്തുന്നവർക്ക് ആദ്യ മണിക്കൂറിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ട്രോമാകെയർ സംവിധാനമാണ് അടഞ്ഞുകിടക്കുന്നത്. 34.76 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കെട്ടിടമാണ് നോക്കു കുത്തിയായത്.
മെഡിക്കൽ ഗ്യാസ് ലൈൻ, റേഡിയോഗ്രാഫി സംവിധാനങ്ങൾ പൂർത്തിയാക്കാൻ കഴിയാതിരുന്നതാണ് ട്രോമ കെയർ പ്രവർത്തിപ്പിക്കാൻ കഴിയാത്തത്. 1.76 കോടി രൂപയുടെ ഭരണാനുമതി ഇതിന് ലഭിക്കാനുണ്ട്. സെപ്തംബർ 30ന് മുമ്പ് ലഭിക്കേണ്ട ഭരണാനുമതിയുടെ കാലാവധി കഴിഞ്ഞതോടെ ഈ തുക ആശുപത്രിക്ക് നഷ്ടമായി.
2026 ഫെബ്രുവരിയിൽ ട്രോമ കെയറിൽ സ്ഥാപിക്കുന്നതിന് 1.37 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ ഇവിടെ എത്തിയിരുന്നു. മെഡിക്കൽ ഗ്യാസ് ലൈനും റേഡിയോഗ്രാഫി സംവിധാനങ്ങളും പൂർത്തിയാക്കി ബന്ധപ്പെടുത്തിയാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പ്രവർത്തിപ്പിക്കാനാകുമായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ, ഇവിടെ എത്തിച്ച യന്ത്രസാമഗ്രികളും പ്രവർത്തിപ്പിക്കാത്തതിനാൽ നാശത്തിന്റെ വക്കിലാണ്.
ഭരണാനുമതി നൽകണമെന്ന് കാണിച്ച് ട്രോമ കെയർ നോഡൽ ഓഫീസർ നിരവധി തവണ മന്ത്രി കെ മുരളീധരൻ ഉൾപ്പടെയുള്ളവരുടെ ഓഫീസ് കയറിയിറങ്ങി. എംഎൽഎ ഉൾപ്പടെയുള്ളവർക്ക് പല തവണ കത്തും നൽകി. എന്നാൽ മുൻ എംഎൽഎ എച്ച് സലാം മുൻ കൈയെടുത്ത് ആരംഭിച്ച സംവിധാനം ഈ സർക്കാരിന്റെ കാലത്ത് തുടങ്ങാൻ അനുവദിക്കില്ലെന്ന ചിലരുടെ വാശിയാണ് ഇത് പ്രവർത്തന സജ്ജമാകാത്തതിന് പിന്നിൽ.
ദേശീയ പാതയോരത്തുള്ള ആശുപത്രിയായതിനാൽ വാഹനാപകടങ്ങളിൽപ്പെട്ട് നിരവധി പേരാണ് ഇവിടെ ഗുരുതര പരിക്കേറ്റ് എത്തുന്നത്. അവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് വിടുന്നത് ഒഴിവാക്കാനും, മികച്ച ചികിത്സ ഇവിടെത്തന്നെ ലഭ്യമാക്കാനും എച്ച് സലാമിന്റെ താത്പര്യപ്രകാരം കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച് പണം അനുവദിച്ച പദ്ധതിയാണിത്.









0 comments