വിവാദ തൊഴിൽ കോഡ്: കേന്ദ്ര ട്രേഡ് യൂണിയനുകൾ ബുധനാഴ്‌ച കരിദിനം ആചരിക്കും


സ്വന്തം ലേഖകൻ
Published on Mar 30, 2026, 10:02 PM | 1 min read
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ തൊഴിൽ കോഡുകൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന കരിദിനാചരണം ബുധനാഴ്‌ച. സിഐടിയു, എഐടിയുസി, ഐഎൻടുയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര തൊഴിലാളി സംഘടനകളുമാണ് ബുധനാഴ്‌ച കരിദിനം ആചരിക്കുന്നത്. ഫെബ്രുവരി 12ന് 30 കോടിയാളുകളെ പങ്കെടുപ്പിച്ച് അഖിലേന്ത്യ പണിമുടക്ക് നടന്നിട്ടും തൊഴിൽ കോഡുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
രാജ്യത്തെ തൊഴിലിടങ്ങളിലെല്ലാം ബുധനാഴ്‌ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമുയരും. തൊഴിലാളികൾ ബാഡ്‌ജ് അണിഞ്ഞ് തൊഴിൽശാലകളിലെത്തും. കറുത്ത കൊടി പ്രതിഷേധത്തിന്റെ ഭാഗമായി ഉയർത്തും. ഉച്ചഭക്ഷണ ഇടവേളകളിൽ പ്രകടനവും ധർണയും സംഘടിപ്പിക്കും. ബൈക്ക്, സൈക്കിൾ റാലികളും സംഘടിപ്പിക്കും. പ്രാദേശിക തലത്തിൽ സംയുക്ത കിസാൻ മോർച്ചയുമായി(എസ്‌കെഎം) ചേർന്നായിരിക്കും പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ മറ്റ് ജനവിരുദ്ധ നയങ്ങൾക്കെതെിരെയും കരിദിനത്തിൽ പ്രതിഷേധമുയരും.
എട്ടുമണിക്കൂർ ജോലി, മിനിമം വേതനം, തൊഴിൽ സുരക്ഷിതത്വം എന്നിവയ്‌ക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ പോരാട്ടത്തിൽ കർഷകരും ഉറച്ചുനിൽക്കുന്നുവെന്ന് എസ്‌കെഎം പ്രസ്‌താവനയിൽ അറിയിച്ചു. ദളിത് ശോഷൻ മുക്തി മഞ്ചും(ഡിഎസ്‌എംഎം) പ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിച്ചു. ഇൗ കോഡുകൾ തൊഴിലാളി വർഗം പോരാടി നേടിയ അവകാശങ്ങൾ ഇല്ലാതാക്കുന്നതിനോടൊപ്പം ജോലികളിൽ എസ്‌സിഎസ്‌ടി വിഭാഗങ്ങൾക്കുള്ള സംവരണാവകാശവും ഇല്ലാതാക്കും. ജോലികൾ കരാർവൽക്കരിച്ചാൽ സാമൂഹികമായും സാന്പത്തികമായും അരികുവൽക്കരിക്കപ്പെട്ട രാജ്യത്തെ 30 ശതമാനം വരുന്ന മനുഷ്യർക്ക് തൊഴിൽ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് തൊഴിലുടമകൾ പിൻവാങ്ങുമെന്നും ഡിഎസ്‌എംഎം പ്രസ്‌താവനയിൽ പറഞ്ഞു.











0 comments