അത്ഭുതച്ചെടിയുമായി കടൽ
കടന്ന ആദിവാസി

kuttimathan kani
avatar
ബിമൽ പേരയം

Published on Aug 24, 2025, 01:13 AM | 2 min read

തിരുവനന്തപുരം: അഗസ്‌ത്യമലയിലെ അത്ഭുതസസ്യമായ ചാത്തൻ കിളങ്കുമായി (ആരോഗ്യപ്പച്ച) കടൽ കടന്ന ആദിവാസിയാണ്‌ കുട്ടിമാത്തൻകാണി. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വിശേഷസസ്യത്തെ ശാസ്‌ത്രലോകത്തിന്‌ പരിചയപ്പെടുത്തിയതിന്റെ പേരിലാണ്‌ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കയിൽ നടന്ന സുസ്ഥിരവികസനത്തിനായുള്ള ലോക ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്‌. ചെടിയെക്കുറിച്ചും അഗസ്‌ത്യമലയിലെ കാണിക്കാരുടെ അതിജീവന കഥകളും അദ്ദേഹം ലോകത്തോട്‌ അന്ന്‌ പങ്കുവച്ചു.


ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേല ഹസ്‌തദാനം ചെയ്‌ത നിമിഷം നാട്ടിൽ മടങ്ങിയെത്തിയിട്ടും മല്ലന്‌ കുളിരുകോരി. മറ്റൊന്നുകൂടി ആ വേദിയിൽ സംഭവിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജോസഫ്‌ ജാക്വസ്‌ ജീൻക്രിട്ടിന്‌ സ്വാഗതം പറയാനുള്ള അവസരം കിട്ടിയതാണ്‌. തിങ്ങിനിറഞ്ഞ ജനസമൂഹത്തെ സാക്ഷിയാക്കി മലയാളത്തിൽ പറഞ്ഞു–‘‘ഞാൻ കുട്ടിമാത്തൻ കാണി. ഇന്ത്യയിൽനിന്ന്‌ വന്ന ആദിവാസിയാണ്‌. ഇ‍ൗ സമ്മേളനത്തിലേക്ക്‌ ബഹുമാനത്തോടെ ഞാൻ അങ്ങയെ സ്വാഗതം ചെയ്യുന്നു’’. കരഘോഷങ്ങൾക്കിടെ ജീൻക്രിട്ടിന്‌ കൈ കൊടുക്കുമ്പോൾ മുഖം അഭിമാനത്താൽ ജ്വലിച്ചു. ജോഹന്നാസ്‌ ബർഗിലെ ക്ര‍ൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രഥമ ഇക്വേറ്റർ ഇനിഷറ്റീവ്‌ പുരസ്‌കാരം കേരള കാണി കമ്യൂണിറ്റി വെൽഫെയർ ട്രസ്‌റ്റിനായി ഏറ്റുവാങ്ങിയായിരുന്നു നാട്ടിലേക്കുള്ള മടക്കം.


ഒരു കാടുയാത്രയ്‌ക്കിടയിലാണ്‌ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയുമിരുന്നിട്ടും ഓടിക്കയറുന്ന കുട്ടിമാത്തനെ ഒപ്പമുണ്ടായിരുന്ന ശാസ്‌ത്രജ്ഞർ ശ്രദ്ധിച്ചത്‌. പിന്നിലെ രഹസ്യമായ അത്ഭുതച്ചെടിയെ പാലോട്‌ ട്രോപ്പിക്കൽ ബൊട്ടാണിക്‌ ഗാർഡനിലെ ശാസ്‌ത്രഞ്ജർ പരിചയപ്പെട്ടത്‌ അങ്ങനെ. മുൻ ഡയറക്‌ടർ ഡോ. പി പുഷ്‌പാംഗദനും റിസർച്ച്‌ ടീമിന്റെ തലവൻ എസ്‌ രാജശേഖരനുംകൂടി എട്ടുവർഷത്തെ പരീക്ഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ്‌ ആരോഗ്യപ്പച്ചയിൽ (ചാത്തൻ കളഞ്ഞ ചെടി എന്നാണ്‌ ആദിവാസികൾ വിളിക്കുന്നത്‌) നിന്ന്‌ 1996ൽ ജീവനി എന്ന മരുന്ന്‌ നിർമിച്ചത്‌. അമേരിക്കയിലെ ടെക്‌സാസിലെ കോട്ട്‌ ആൻഡ്‌ വൈറ്റ്‌ ക്ലിനിക്കിലെ ന്യൂറോളജി വിഭാഗം ശാസ്‌ത്രജ്ഞർ മനുഷ്യകോശങ്ങളിൽ അടിയുന്ന അഴുക്കിനെ മാറ്റാൻ സസ്യത്തിന്‌ കഴിയുമെന്നും പിന്നീട്‌ കണ്ടെത്തി. ആരോഗ്യപ്പച്ചയിൽനിന്ന്‌ എന്തെല്ലാം ഉൽപ്പന്നങ്ങൾ കണ്ടെത്താനാകുമെന്ന പരീക്ഷണം പാലോട്‌ ജെഎൻടിബിജിആർഐയിൽ ഇപ്പോഴും നടക്കുന്നുണ്ട്‌.



ആരോഗ്യപ്പച്ചയെ ലോകത്തിന് പരിചയപ്പെടുത്തിയ
കുട്ടിമാത്തൻ കാണി


ആരോഗ്യപ്പച്ച എന്ന അത്ഭുത ഔഷധസസ്യം ലോകത്തിന് പരിചയപ്പെടുത്തിയ കോട്ടൂർ ചോനാംപാറ ഉന്നതിയിലെ കുട്ടിമാത്തൻ കാണി (70) . അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച മരിച്ചത്. 1987ൽ കുട്ടിമാത്തൻ കാണി, കോട്ടൂർ മല്ലൻകാണി, ഇ‍ൗച്ചൻകാണി എന്നിവരാണ്‌ അഗസ്ത്യകൂട മലനിരകളിൽമാത്രം കണ്ടുവരുന്ന ചാത്തൻകിളങ്ക്‌ എന്ന്‌ ആദിവാസികൾ വിളിച്ചിരുന്ന ആരോഗ്യപ്പച്ച (ട്രൈക്കോപ്പസ്‌ സൈലാനിക്കസ്‌ ട്രാവൻകൂറിക്കസ്‌)യെ പാലോട്‌ ജവാഹർലാൽ നെഹ്‌റു ട്രാപ്പിക്കൽ ബൊട്ടാണിക്‌ ഗാർഡൻ ആൻഡ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലെ സസ്യശാസ്ത്രജ്ഞർക്ക് പരിചയപ്പെടുത്തുന്നത്.


ആരോഗ്യപ്പച്ചയ്‌ക്ക്‌ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയുമെന്ന്‌ പിന്നീട്‌ വിവിധ പഠനങ്ങളിലൂടെ കണ്ടെത്തി. ജെഎൻടിബിജിആർഐ ആര്യ വൈദ്യഫാർമസിയുമായി ചേർന്ന്‌ ജീവനി എന്ന മരുന്നും നിർമിച്ചു. ഇത്‌ എബിഎസ്‌ കാണി മോഡൽ (ആക്‌സസ്‌ ആൻഡ്‌ ബെനഫിറ്റ്‌ ഷെയറിങ്‌) എന്ന പേരിൽ ലോകപ്രശസ്‌തമായി. 2002ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാൻസ് ബർഗിൽ ഭൗമ ഉച്ചകോടിയിൽ പങ്കെടുത്ത് ലോകത്തിന് ആരോഗ്യപ്പച്ചയെ പരിചയപ്പെടുത്തിയതും കുട്ടിമാത്തൻ കാണിയാണ്‌.


സിപിഐ എം മങ്കോട് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: വസന്ത. മക്കൾ: സുഭാഷിണി, സുരഭി, സുദർശനി, സുഗതകുമാരി. മുരുമക്കൾ: പ്രമോദ്‌ചന്ദ്രൻ, പ്രവീൺരാജ്‌. മന്ത്രി ഒ ആർ കേളു, കെ രാധാകൃഷ്‌ണൻ എംപി എന്നിവർ അനുശോചിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home