കഠിനംകുളം കൊലപാതകം: പ്രതി ജോൺസൺ ഔസേപ്പിനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ജോൺസൺ കോലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ ചിറയിൻകീഴ് വലിയകട ശ്രീറാം സ്റ്റോർ, കൃത്യത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തിയ ചിറയൻകീഴ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. കൊലപാതകം നടന്നതിന്റെ തലേദിവസം ജോൺസൺ കത്തി വാങ്ങിയതായി കടയുടമ തിരിച്ചറിഞ്ഞു. കൊലപാതകത്തിന്റെ അന്ന് ജോൺസൺ ധരിച്ചിരുന്ന ജീൻസ് പാൻറ് റെയിൽവേ ടിക്കറ്റ് കൗണ്ടറിന്റെ സമീപത്തുനിന്നും കണ്ടെടുത്തു.
ജോൺസൺ ഔസേപ്പിനെ ഇന്ന് പുലർച്ചെ 2. 30 ഓടെയാണ് കഠിനംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 21നാണ് ഇയാൾ വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. പിന്നാലെ രക്ഷപ്പെട്ട ജോൺസണെ കോട്ടയം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാൽ പരിശോധനയിൽ ജോൺസൺന്റെ ഉള്ളിൽ വിഷാശം ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജോൺസണും ആതിരയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ഒരേ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ റീൽസ് പോസ്റ്റ് ചെയ്തത് വഴിയാണ് ഇറുവരു തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇവർ ഒരു ഗ്രൂപ്പുണ്ടാക്കി ഒരുമിച്ച് റീൽസുകൾ ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ അടുപ്പത്തിലാകുകയായിരുന്നു. ജോൺസൺ വിവാഹ ബന്ധം വേർപിരിഞ്ഞയാളാണ്. ആതിരയും വിവാഹിതയാണ്. ആതിരയൊട് ഒപ്പം ചെന്ന് താമസിക്കണമെന്ന് ജോൺസൺ നിർബന്ധിച്ചിരുന്നു. എന്നാൽ തനിക്ക് കുടുംബമുണ്ടെന്നും ഒപ്പം വരാൻ തയാറല്ലെന്നും ആതിര അറിയിച്ചതോടെ പ്രതി കൊലപാതകത്തിന് ആസൂത്രണം ചെയ്യുകയായിരുന്നു. കൃത്യം ചെയ്യുന്നതിന് വേണ്ടി കത്തി വാങ്ങി സൂക്ഷിക്കുകയും പെരുമാതുറയിൽ വന്ന് പ്രതി താമസിക്കുകയും ചെയ്തു.
ജനുവരി 21ന് ആതിരയുടെ വീട്ടിലെത്തിയ ജോൺസൺ സംസാരിക്കുന്നതിനിടെ ആതിരയെ ബലമായി കീഴ്പ്പെടുത്തി ഷർട്ടിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന ആതിരയുടെ സ്കൂട്ടറുമായി രക്ഷപെടുകയായിരുന്നു. പിന്നീട് ഈ സ്കൂട്ടർ ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെത്തിയ ജോൺസൺ പൊലീസെത്തിയതറിഞ്ഞ് 23ന് കോട്ടയം ചിങ്ങവനത്തേക്ക് രക്ഷപ്പെടുകയായിരുന്നു. മുൻപ് ഹോം നഴ്സ് ആയി ജോലി ചെയ്തിരുന്ന വീട്ടിൽ പണം ആവശ്യപ്പെട്ട് എത്തിയതോടെയാണ് ജോൺസൺ പിടിയിലായത്. സംബവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.










0 comments