ad
Deshabhimani

സ്വപ്നം യാഥാർഥ്യമായി; ഏഴ് നിലകളിൽ നിർമാണം പൂർത്തിയായ കുണ്ടറ താലൂക്ക് ആശുപത്രി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

kundara taluk hospital
വെബ് ഡെസ്ക്

Published on Jan 19, 2026, 12:32 PM | 1 min read

കൊല്ലം: കേരളത്തിലെ പൊതുജനാരോഗ്യപരിപാലനത്തിന്‌ പുത്തൻ പൊൻതൂവലായി കുണ്ടറ താലൂക്കാശുപത്രി. ഏഴുനിലകളിൽ നിർമാണം പൂർത്തിയായ കുണ്ടറ താലൂക്കാശുപത്രി തിങ്കൾ പകൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന ആതുരാലയം ഒരു നാടിന്റെ പ്രതീക്ഷകളുടെ സാക്ഷാൽക്കാരമാണ്‌.


ആശുപത്രിയുടെ ചരിത്രത്തിൽ വലിയ വികസനമാണ് നിലവിൽ നടന്നത്‌. പതിറ്റാണ്ടുകൾക്ക് മുമ്പ് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയാണ് ഇന്ന് ഈ നിലയിൽ വികസിച്ചത്. കിഫ്ബി ഫണ്ടിൽ നിന്നും 76.13 കോടി വിനിയോഗിച്ചാണ് ആധുനിക കെട്ടിടം നിർമിച്ചത്‌. ബേസ്‌മെന്റ് ഉൾപ്പെടെ ഏഴു നിലയുള്ള കെട്ടിടത്തിൽ 130 കിടക്കകളാണ് സജ്ജമാക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രിയുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇന്ന് യാഥാർത്ഥ്യമായത്. കുണ്ടറയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഇതേറെ സഹായകരമാകും.


ഇലക്ട്രിക്കൽ റൂം, ഗ്യാസ് മാനിഫോൾഡ്, ലോൺഡ്രി, എസ്ടിപി മോർച്ചറി എന്നിവ ഉൾപ്പെടുന്നതാണ് ബേസ്‌മെന്റ് ഏരിയ. ബേസ്‌മെന്റ് ഫ്‌ളോറിൽ പോസ്റ്റ് മോർട്ടം, ഫ്രീസർ മോർച്ചറി (രണ്ട്‌), എസ്ടിപി, ഓക്‌സിജൻ പ്ലാന്റ്, ഫയർ, ഇലക്ട്രിക്കൽ, ബയോ മെഡിക്കൽ വേസ്റ്റ് റൂമുകളുണ്ട്‌. ഗ്രൗണ്ട് ഫ്ലോറിൽ അത്യാഹിത വിഭാഗം, ഏഴു കിടക്കകൾ (നിരീക്ഷണം), എക്‌സ് റേ, അൾട്രാസൗണ്ട്, ഒന്നാമത്തെ നിലയിൽ പുരുഷ, സ്‌ത്രീ വാർഡുകൾ, സർജിക്കൽ വാർഡുകൾ, രണ്ടാമത്തെ നിലയിൽ ഒപി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, സിഎസ്എസ്ഡി, മൂന്നാമത്തെ നിലയിൽ ഓപറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, നാലാമത്തെ നിലയിൽ സ്‌ത്രീ, പുരുഷ വാർഡുകൾ, ഡെന്റൽ യൂണിറ്റ്, അഞ്ചാമത്തെ നിലയിൽ സ്‌ത്രീ, പുരുഷ വാർഡുകൾ, പീഡിയാട്രിക് വാർഡ്, ആറാമത്തെ നിലയിൽ പേ വാർഡ് എന്നിവയാണുള്ളത്. ​1920 കളിൽ കുണ്ടറ സിറാമിക്‌സിലെ ജീവനക്കാർക്കും പ്രദേശവാസികൾക്കും വേണ്ടി ഡിസ്‌പെൻസറിയായി തുടങ്ങിയ ആശുപത്രിയാണ് ആരോഗ്യകേരളത്തിന്റെ തിലകക്കുറിയായി മാറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home