print edition 6 മാസം, 88.70 ലക്ഷം ; ഹിറ്റായി പ്രീമിയം കഫേ

ഷെഹിന്‍ഷാ
Published on Nov 17, 2025, 03:00 AM | 1 min read
കൊല്ലം
ആറുമാസം, വില്‍പ്പന 88.70ലക്ഷം. ചവറ വെറ്റമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രഥമ കുടുംബശ്രീ പ്രീമിയം കഫേയ്ക്ക് പറയാനുള്ളത് രുചിയൂറും ഭക്ഷണ വില്‍പ്പനയുടെ വിജയഗാഥ. ചവറ, പന്മന, തേവലക്കര പഞ്ചായത്തുകളിലെ കുടുംബശ്രീ വനിതകൾ ഉൾപ്പെടെ 38പേരാണ് പ്രീമിയം കഫേയുടെ നട്ടെല്ല്. പ്രവര്‍ത്തനം ആരംഭിച്ച മേയില്‍ 14.5ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. നാടൻ, ചൈനീസ്, അറബിക് ഭക്ഷണ വിഭവങ്ങളും രുചിയേറിയ അഷ്ടമുടി കായൽ, കടൽ വിഭവങ്ങളുമാണ് ആളുകളെ ആകര്‍ഷിക്കുന്നതിന് പ്രധാന കാരണം.
സെപ്തംബറില്‍ 25ഇനം കറികളുമായി ഒരുക്കിയ പ്രീമിയം ഓണസദ്യയും വലിയ ഹിറ്റായി. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളില്‍നിന്നുള്ള പച്ചക്കറികളാണ് വിഭവങ്ങളായി നിറഞ്ഞത്. വാഴക്കൃഷി ചെയ്യുന്ന കുടുംബശ്രീ സംരംഭകരില്‍നിന്നായിരുന്നു ഇലകള്‍. നാലുതരം മീനും കൊഞ്ചും ഞണ്ടും ഉള്‍പ്പെടുന്ന സ്പെഷ്യല്‍ ദേശിങ്ങനാട് മീന്‍സദ്യയും ഓണത്തിന് ലഭ്യമാക്കി.
കരിമീൻ പൊള്ളിച്ചത്, കരിമീൻ മസാല, കൂന്തൽ ബിരിയാണി, ചെമ്മീൻ റോസ്റ്റ് എന്നിവ കഫേയുടെ സ്പെഷ്യല്‍ ഐറ്റങ്ങളാണ്. 82പേര്‍ക്ക് ഒരേസമയം ഭക്ഷണംകഴിക്കാനുള്ള സൗകര്യമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിച്ചനും പാന്റ്റി കിച്ചനും വിശാലമായ ഡിഷ് വാഷ് ഏരിയയും പ്രത്യേകതയാണ്. പാർക്കിങ് ഗ്രൗണ്ട്, ശുചിമുറികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പന്മന ഇന്‍സൈറ്റ് ആക്ടിവിറ്റി ഗ്രൂപ്പിനാണ് കഫേയുടെ ചുമതല.










0 comments