'ഡിജി കേരളം' പദ്ധതി ; 38 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക്‌ ഡിജിറ്റൽ സാക്ഷരത

kudumbashree members Digi Keralam Project
വെബ് ഡെസ്ക്

Published on Aug 20, 2025, 01:49 AM | 1 min read


തിരുവനന്തപുരം

സംസ്ഥാന സർക്കാർ നടപ്പാക്കിയ "ഡിജി കേരള' പദ്ധതിയില‍‍‍ൂടെ കുടുംബശ്രീയുടെ കീഴിലെ 38 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, ഇതര വകുപ്പുകൾ, ഏജൻസികൾ എന്നിവ സംയുക്തമായി നടപ്പാക്കിയ പദ്ധതിയിലൂടെയാണ്‌ നേട്ടം.


14-നും 65-നും ഇടയിൽ പ്രായമുള്ളവർക്ക് കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും അടിസ്ഥാന അറിവ് നൽകുകയെന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.


ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ, എസ്‌സി, എസ്ടി പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റ്മാർ, വിദ്യാർഥികൾ എന്നിവർക്ക് വീഡിയോ ട്യൂട്ടോറിയലിലൂടെ പരിശീലനം നൽകിയായിരുന്നു വിവരശേഖരണം. കുടുംബശ്രീയിൽ നിന്നുള്ള 1,30,000 വളന്റിയർമാർ സർവേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. തുടർന്ന് ഡിജിറ്റൽ വളന്റിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സേവനങ്ങൾ, ഓൺലൈൻ പണമിടപാടുകൾ, ഡിജിറ്റൽ സുരക്ഷ, വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകി.


കുടുംബശ്രീയുടെ "തിരികെ സ്കൂളിൽ' സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകാൻ തെരഞ്ഞെടുത്ത അഞ്ചു വിഷയങ്ങളിൽ ഒന്ന് ഡിജിറ്റൽ സാക്ഷരതയായിരുന്നു.


സംസ്ഥാനത്തെ നാലര ലക്ഷത്തിലേറെ വരുന്ന കുടുബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിലും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കുടുംബശ്രീ എഡിഎസ് അംഗത്തിന്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾ വാർഡ് തലത്തിൽ ഗൃഹസന്ദർശനം, ലഘുലേഖ വിതരണം എന്നിവയും നടത്തി.


സർക്കാർ സേവനങ്ങൾ അർഹരായവർക്ക് ഉടൻ എത്തിക്കാനും വികസന പദ്ധതികളിൽ പങ്കാളികളാകാനും വിഭാവനം ചെയ്‌താണ് പദ്ധതി നടപ്പാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Home