print edition അടുക്കളയിൽനിന്ന് ആഗോള മാതൃകയിലേക്ക്

പ്രതീകാത്മക ചിത്രം
ബീന പ്രസീദ്
Published on May 17, 2026, 12:00 AM | 2 min read
മെയ് 17 വെറുമൊരു ദിവസമല്ല. അടുക്കളച്ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങളിൽനിന്ന് പൊതുസമൂഹത്തിന്റെ നേതൃത്വത്തിലേക്കുയർന്ന സ്ത്രീകളുടെ വിജയഗാഥയുടെ ദിനം, "കുടുംബശ്രീ ദിനം’. ലക്ഷക്കണക്കിന് സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ഓർമനാൾ. 1998-ൽ ദാരിദ്ര്യ നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി ആരംഭിച്ച കുടുംബശ്രീ ഇന്ന് ലോകം പഠിക്കുന്ന വികസന മാതൃകയാണ്.
അഞ്ച് രൂപയിൽ തുടങ്ങിയത്
ആലുവ സ്വദേശിനിയും കുടുംബശ്രീ സംരംഭകയുമായ കെ ശാന്ത പറയുന്നു, ‘ആദ്യമായി അയൽക്കൂട്ടത്തിൽ ചേർന്നപ്പോൾ കൈയിൽ അഞ്ചരൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ഞങ്ങളുടെ യൂണിറ്റിൽ നാല് സ്ത്രീകൾ ജോലി ചെയ്യുന്നു. വരുമാനം കിട്ടിയതിലും വലിയ സന്തോഷം വീട്ടിൽ എന്റെ അഭിപ്രായത്തിന് വില ലഭിക്കുന്നതാണ്’.
ശാന്തയുടെ അനുഭവം കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിത യാഥാർഥ്യമാണ്. ലഘുസമ്പാദ്യ കൂട്ടായ്മകളായി തുടങ്ങിയ അയൽക്കൂട്ടങ്ങൾ ഇന്ന് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അടിത്തറയാണ്. ഭക്ഷ്യസംസ്കരണം, കൃഷി, വസ്ത്രനിർമാണം, കാറ്ററിങ്, ടൂറിസം, ഐടി, നിർമാണരംഗം തുടങ്ങി ഒട്ടേറെ മേഖലകളിൽ കുടുംബശ്രീ വനിതകൾ വിജയകരമായ സംരംഭങ്ങൾ നടത്തുന്നു.
‘കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടം സ്ത്രീകൾക്ക് വരുമാനം നൽകിയതല്ല, സ്വന്തം ശബ്ദം സമൂഹത്തിനുമുന്നിൽ ഉയർത്താൻ അവരെ പ്രാപ്തരാക്കിയതാണ്’, തിരുവനന്തപുരത്തെ സാമൂഹ്യ ഗവേഷക ഡോ. പി ലതാദേവിയുടെ വാക്കുകൾ മാറിയ ലോകത്തിന്റെ അടയാളമിടലാണ്. സ്ത്രീകൾ ഇന്ന് ഗ്രാമസഭകളിൽ സംസാരിക്കുന്നു, പൊതുപ്രശ്നങ്ങളിൽ ഇടപെടുന്നു, പഞ്ചായത്തുകളെ നയിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികളുടെ നേതൃപാടവത്തിന് പിന്നിൽ കുടുംബശ്രീ നൽകിയ പരിശീലനവും അനുഭവവുമുണ്ട്.
കോവിഡ് കാലത്ത് വിശപ്പിനെ ചെറുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ അടുക്കളകൾ പ്രവർത്തിപ്പിച്ചത് കുടുംബശ്രീ പ്രവർത്തകരായിരുന്നു. അവ വെറും ഭക്ഷണമല്ല വിതരണം ചെയ്തത്, പ്രതിസന്ധികാലത്ത് മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയായി മാറുകയായിരുന്നു.
മാലിന്യത്തിൽനിന്ന് മാന്യതയിലേക്ക്
കേരളത്തിന്റെ ശുചിത്വ വിപ്ലവത്തിന്റെ പ്രധാന കരുത്താണ് ഹരിതകർമ സേന. ഇന്ന് അത് സ്ത്രീകളുടെ സ്ഥിരവരുമാനത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും മേഖലയാണ്. നിർമാണരംഗം ഒരുകാലത്ത് പുരുഷന്മാരുടെ മാത്രം മേഖലയായിരുന്നു. എന്നാൽ ഇന്ന് കുടുംബശ്രീ വനിതകൾ റോഡുകളും വീടുകളും കെട്ടിടങ്ങളും നിർമിക്കുന്ന കൺസ്ട്രക്ഷൻ ടീമുകളുടെ ഭാഗമാണ്.
വിശപ്പിനും തൊഴിലില്ലായ്മയ്ക്കും മറുപടി
കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണവും ആയിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കുകയും ചെയ്തതാണ് കുടുംബശ്രീ ഹോട്ടലുകൾ. കൊച്ചിയിലെ ‘ഷീ ലോഡ്ജ്’ പോലുള്ള സംരംഭങ്ങൾ സ്ത്രീകൾക്ക് സുരക്ഷിത താമസവും കുറഞ്ഞ ചെലവിൽ ഭക്ഷണവും ഒരുക്കി വലിയ മാതൃകയായി. ലക്ഷക്കണക്കിന് സ്ത്രീകളുടെ ആത്മവിശ്വാസവും പുഞ്ചിരിയും സ്വപ്നങ്ങളും ചേർന്ന ഒരു വലിയ ജനകീയ വിജയകഥയാണ്.











0 comments