print edition വിവാദ കോഴ്‌സ് അടിച്ചേൽപ്പിച്ച് കെടിയു; സർക്കാർ കോളേജ് വിദ്യാർഥികൾ സ്വകാര്യ സർവകലാശാലയ്ക്ക് ഫീസ് നൽകണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്‌ക്ക് (കെടിയു) കീഴിലുള്ള കോളേജുകളിലെ വിദ്യാർഥികൾ സ്വകാര്യ സർവകലാശാലയുടെ കോഴ്സ് ചെയ്യണമെന്ന് നിർദേശം. അഞ്ചാം സെമസ്റ്ററിലെ വിദ്യാർഥികൾ ‘ഇൻട്രൊഡക്ഷൻ ടു ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ’ ഓൺലെൻ (എംഒഒസി) കോഴ്സ് പഠിക്കണമെന്നാണ് വിവാദ നിർദേശം.
ബംഗളൂരു ആസ്ഥാനമായ ജയിൻ കൽപ്പിത സർവകലാശാലയിലാണ് ഓൺലൈൻ കോഴ്‌സിനായി വിദ്യാർഥികളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നത്. അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് ഇതുസംബന്ധിച്ച് വിസി സിസ തോമസിന്റെ നിർദേശ പ്രകാരം കെടിയു അറിയിപ്പ് നൽകിയിരുന്നു. കെടിയുവിന് കീഴിലുള്ള കോളേജുകളിൽ ബിടെക്, ബിഡെസ്, ബിബിഎ തുടങ്ങിയ കോഴ്‌സുകളിലായി അഞ്ചാം സെമസ്‌റ്ററിൽ നാൽപ്പതിനായിരത്തോളം വിദ്യാർഥികളുണ്ട്.
കോഴ്‌സിനായി ഒരാളിൽനിന്ന് 1000 രൂപയാണ് ഇൗടാക്കുന്നത്. ഇതോടെ സർക്കാർ കോളേജിലെ വിദ്യാർഥികൾ സ്വകാര്യ സർവകലാശാലയ്ക്ക് ഫീസ് നൽകി പഠിക്കേണ്ട സ്ഥിതിയാണുള്ളത്. അതത് കോളേജുകളിലെ അധ്യാപകർ പഠിപ്പിച്ചിരുന്ന വിഷയമാണ് സ്വകാര്യ സർവകലാശാലയെ സഹായിക്കാൻ കെടിയു മറിച്ചുനൽകിയത്. കേന്ദ്രസർക്കാരിന്റെ സ്വയം പോർട്ടൽ ഉപയോഗപ്പെടുത്തിയാണ് ജയിൻ സർവകലാശാല കോഴ്‌സ് നൽകുന്നത്.
കെടിയുവിലെ സാങ്കേതിക സംവിധാനവും അധ്യാപകരുടെ സേവനവും ഉപയോഗപ്പെടുത്തി ഇൗ കോഴ്‌സ് സ്വയം രൂപകൽപ്പന ചെയ്യാമായിരുന്നു. പോർട്ടലിൽ കോഴ്‌സ് അപ്‌ലോഡ് ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ, സ്വകാര്യ സർവകലാശാലയ്‌ക്ക് വിദ്യാർഥികളെ നൽകുന്ന ഏജൻസിയായി കെടിയു അധികൃതർ മാറി.
അധ്യാപക തസ്‌തികയുടെ എണ്ണം കുറയ്‌ക്കാൻ ശ്രമിക്കുന്ന കോളേജ് മാനേജ്മെന്റുകളുടെ താൽപ്പര്യവും ഇതിനുപിന്നിലുണ്ട്.
ജെയിൻ സർവകലാശാലയുടെ ഇൗ അധ്യയനവർഷത്തെ പ്രവേശന പരിപാടി ഉദ്‌ഘാടനം ചെയ്‌തത് മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു. ഭാവി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സാധ്യത പുർത്തീകരിക്കാൻ ഇത്തരം സർവകലാശാലകളുടെ സേവനം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.










0 comments