ad
Deshabhimani

print edition കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനം: സമവായത്തിലെത്താൻ ശ്രമം തുടരും

pinarayi vijayan
വെബ് ഡെസ്ക്

Published on Dec 07, 2025, 01:52 AM | 1 min read

തൃശൂർ: കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാലാ വി സി നിയമനത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമവായത്തിൽ എത്തുന്നതിന്‌ തുടർന്നും സർക്കാർ ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന്‌ തുറന്ന സമീപനമാണുള്ളത്‌. ചാൻസലർ കൈക്കൊള്ളുന്ന സമീപനം സമവായം ഉണ്ടാക്കുന്നതിന്‌ നിരക്കുന്നതാണോ എന്നതാണ്‌ ഗ‍ൗരവമുള്ള ചോദ്യം. തൃശൂർ പ്രസ്‌ക്ലബ്ബിൽ നടന്ന ‘വോട്ട്‌വൈബ്‌’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ്‌ സുധാംശു ധൂലിയ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്‌ ലഭിച്ച്‌ രണ്ടുദിവസത്തിനകം മുഖ്യമന്ത്രിയുടെ അഭിപ്രായം സഹിതം മുൻഗണനാക്രമം നിശ്ചയിച്ച്‌ ചാൻസലർക്ക്‌ കൈമാറി. റിപ്പോർട്ടിൽ രണ്ടാഴ്‌ചയ്ക്കകം ചാൻസലർ തീരുമാനമെടുക്കണമെന്നാണ്‌ സുപ്രീം കോടതി ഉത്തരവ്‌. മുഖ്യമന്ത്രി ഉന്നയിച്ച ഏതെങ്കിലും പേരിനോട്‌ അഭിപ്രായവ്യത്യാസമോ ഉന്നയിച്ച എതിർപ്പുകളോട്‌ വിയോജിപ്പോ ഉണ്ടെങ്കിൽ ചാൻസലർക്ക്‌ അത്‌ സുപ്രീംകോടതിയെ അറിയിക്കാം, ഇക്കാര്യത്തിൽ സുപ്രീംകോടതി തീരുമാനം എടുക്കുമെന്നുമാണ്‌ കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്‌. എന്നാൽ, മുഖ്യമന്ത്രി നൽകിയ റിപ്പോർട്ടിൽ രണ്ടാഴ്‌ച കഴിഞ്ഞിട്ടും തീരുമാനമായില്ല. മുഖ്യമന്ത്രി കൈമാറിയ നിർദേശങ്ങളെ വീണ്ടും ചോദ്യംചെയ്യുകയാണ്‌. ഇത്‌ കോടതിയുടെ രൂക്ഷ വിമർശത്തിനിടയാക്കി. റിട്ട. ജഡ്‌ജിയുടെ തീരുമാനം കടലാസുകഷ്‌ണമല്ല എന്ന്‌ സുപ്രീംകോടതിക്കുതന്നെ പറയേണ്ടിവന്നു.


യുജിസി പ്രതിനിധി ഇല്ല എന്നുപറഞ്ഞ്‌ വ്യവഹാരങ്ങളിലേക്ക്‌ പോകാനാണ്‌ ചാൻസലർ തയ്യാറായത്‌. സമവായമുണ്ടാകാതിരിക്കാനുള്ള വാദങ്ങളാണ്‌ അദ്ദേഹം ഉയർത്തുന്നത്‌. ചാൻസലർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മ‍ൂലത്തിൽ ഇന്ന വ്യക്തികളെ നിയമിക്കണം എന്നാണ്‌ ആവശ്യപ്പെട്ടത്‌. ഇത്‌ സുപ്രീംകോടതി വിധിയുടെ പ്രസക്തഭാഗത്തിനെതിരാണ്‌–മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home