സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല, അനാവശ്യ വിവാദം; കെഎസ്യു

തിരുവനന്തപുരം: സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ലെന്നും ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‍ അലോഷ്യസ് സേവ്യർ. 'ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ല. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ പിന്തുണ നേരത്തെ തന്നെ നൽകിയിട്ടുള്ളതാണെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സൂംബ ഡാൻസ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നു തന്നെയാണ് കെഎസ്‌യു നിലപാട്. സിന്തറ്റിക് ലഹരിയടക്കം യുവാക്കളിലും വിദ്യാർഥികളിലും പിടിമുറുക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
അതേസമയം കുട്ടികൾ സൂംബാ ഡാൻസ് കളിക്കുന്നതിന് താൻ എതിരല്ലെന്നും എന്നാൽ ഇതിൽ ആശങ്ക പ്രകടിപ്പിക്കുന്നവരുമായി സർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്നും വി ഡി സതീശൻ പ്രതികരിച്ചു. 'ഈ വിഷയത്തിൽ വിവാദങ്ങളിലേക്ക് പോവേണ്ട കാര്യമില്ല. അതിൽ നിന്നും മുതലെടുപ്പ് നടത്തുന്ന വേറെ ഒരു ശക്തിയുണ്ട്. വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരിലേക്ക് ഇത്തരം വിഷയങ്ങൾ നമ്മളായിട്ട് ഇട്ടുകൊടുക്കരുത്.' അദ്ദേഹം പറഞ്ഞു









0 comments